പത്തനംതിട്ട : ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്റെ ഭാര്യക്ക് ജോലിയും മകൾക്ക് വിദ്യാഭ്യാസ ധനസഹായവും നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി കായിക വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. കമ്മീഷൻ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറിയിൽ നിന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് വാങ്ങി.
2012 ൽ ധനരാജിന് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. 2019 ഡിസംബറിൽ നടന്ന സെവന്ത് ഫുട്ബോൾ മത്സരത്തിനിടയിലാണ് ധനരാജ് കുഴഞ്ഞു വീണു മരിച്ചത്. ധനരാജിന്റെ ആശ്രിതക്ക് ജോലി നൽകാനും മകൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകാനും സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് കൗണ്‍സിൽ കമ്മീഷനെ അറിയിച്ചു. സർക്കാർ തലത്തിൽ തീരുമാനമെടുക്കുന്നതിന് സ്പോർട്സ് കൗണ്‍സിൽ അനിവാര്യമായ ഇടപെടൽ നടത്തിയതായി കാണുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാമൂഹിക പ്രവർത്തകനായ റഹിം പന്തളം സമർപ്പിച്ച പരാതിയിലാണ് നടപടി