തിരുവനന്തപുരം: റഷ്യയിൽ ജോലിവാഗ്ദാനം ചെയ്ത് എത്തിച്ചശേഷം സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത് അപകടത്തിൽപ്പെട്ട യുവാക്കൾ തിരികേവരാനാകാതെ ദുരിതജീവിതത്തിൽ. തിരുവനന്തപുരത്തുനിന്ന് നിരവധി യുവാക്കളാണ് സ്വകാര്യ റിക്രൂട്ടിങ് ഏജന്റുമാർ വഴി റഷ്യയിലെത്തി ചതിയിൽപ്പെട്ടത്. യാതൊരു പരിശീലനവും നൽകാതെ യുക്രൈൻ യുദ്ധമുഖത്തേക്ക് അയയ്ക്കപ്പെട്ട് പരിക്കേറ്റ കൂടുതൽപ്പേരുടെ വിവരങ്ങൾ ഓരോദിവസവും പുറത്തുവരുകയാണ്. പലയിടത്തും ഒളിവിൽക്കഴിയുന്ന ഇവരെ തിരിച്ചെത്തിക്കാൻ കേന്ദ്രം ഇടപെടണമെന്നാണ് ബന്ധുക്കൾ ഉയർത്തുന്ന ആവശ്യം. രാജ്യത്തുനിന്ന് റഷ്യൻ സൈന്യത്തിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് സി.ബി.ഐ. അന്വേഷിക്കുകയാണ്.
വ്യാപകമായി യുവാക്കളെ റഷ്യയിലെത്തിച്ച വിവരം പുറത്തുവന്നതോടെ സി.ബി.ഐ. സംഘം തിരുവനന്തപുരത്തും എത്തും.അഞ്ചുതെങ്ങ് സ്വദേശികളായ 32 യുവാക്കളാണ് ചതിയിൽപ്പെട്ട് റഷ്യൻ സൈനിക ക്യാമ്പിലെത്തിയത്. ഇവരിൽ ഒരാൾക്ക് പരിക്കേറ്റതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒന്നരലക്ഷംമുതൽ രണ്ടരലക്ഷംരൂപവരെ മാസശമ്പളം വാഗ്ദാനം ചെയ്താണ് പലരെയും റഷ്യയിലെത്തിച്ചത്. സൈനികസേവനത്തിനാണെന്ന് ഇവരെ അറിയിച്ചിരുന്നുമില്ല. ദരിദ്രകുടുംബങ്ങളിലെ യുവാക്കളെയാണ് ഇത്തരത്തിൽ പറ്റിപ്പിന് ഇരയായത്.