ന്യൂഡൽഹി: പാലസ്തീനിലും ഇസ്രായേലിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഡൽഹി- ശ്രീനിവാസ്പുരിയിൽ നിരാഹാര സത്യാഗ്രഹം നടത്തി. ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹത്തിൽ നൂറോളം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. ഒക്ടോബർ 28 ന് ജന്തർ മന്ദറിൽ “കാൻഡിൽ മാർച്ച്” നടത്തുവാനുള്ള അനുമതിക്കുവേണ്ടി ഡൽഹി പോലീസിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ജന്തർ മന്ദറിൽ “കാൻഡിൽ മാർച്ച്”നടത്തുവാൻ പോലീസ് അനുവദിക്കാതിരുന്നതിനെത്തുടർന്നാണ്, പോലീസിന്റെ അനുമതിയില്ലാതെതന്നെ ശ്രീനിവാസ്പുരിയിൽ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുവാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചത്.
നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യർ മരിച്ചുവീഴുന്ന ഇസ്രായേൽ- പാലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാൻ ഇന്ത്യാ സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ ഇസ്രായേലിനേയും പാലസ്തീനെയും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ ഐക്യരാഷ്ട്ര സംഘടനയും മുഴുവൻ ലോകനേതാക്കളും മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചത്. ഇസ്രായേൽ ഭരണകൂടവും ഹമാസും മനുഷ്യരാശിയോട് ചെയ്യുന്ന കൊടും ക്രൂരത കയ്യുംകെട്ടി നോക്കിനിൽക്കുകയാണ് അധികാരക്കൊതിയൻമ്മാരായ ലോക നേതാക്കളും മതഭ്രാന്തൻമാരുമെന്ന് രാജീവ് ജോസഫ് കുറ്റപ്പെടുത്തി. യുദ്ധം വ്യാപകമായാൽ ഇസ്രായേലിലെയും പാലസ്തീനിലെയും നിരപരാധികളായ ജനലക്ഷങ്ങൾ വധിക്കപ്പെടുമെന്ന് മനസ്സിലാക്കുവാൻ യുദ്ധ അനുകൂലികൾക്ക് സാധിക്കാത്തത്, അവരുടെ തീവ്രമത ചിന്താഗതികളും മരവിച്ച മനഃസ്സാക്ഷിയും മാത്രമാണ്. ഇവരുടെയൊക്കെ ദൈവവിശ്വാസവും പ്രാർത്ഥനയും കപടവും അപഹാസ്യവുമാണെന്ന് രാജീവ് ജോസഫ് പറഞ്ഞു.





























