ജനീവ : ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന. മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധര്‍ പുനപരിശോധന നടത്തിയെന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. റെമിഡിസിവര്‍, ചില എച്ച്ഐവി മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാനും സംഘടന അനുമതി നല്‍കി.
ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ നിരീക്ഷണ സമിതി ഹൈഡ്രോക്‌സി ക്ലോറോക്വിനിനെക്കുറിച്ച് ലഭ്യമായ എല്ലാ മരണവിവരങ്ങളും പരിശോധിച്ചതായി ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.
കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നവര്‍ക്ക് മരണസാധ്യത കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തി. മുന്‍പുള്ള ട്രയല്‍ പ്രോട്ടോക്കോള്‍ തുടരണമെന്നും സംഘടന നിര്‍ദേശിക്കുന്നു. നിലവില്‍ 35 രാജ്യങ്ങളില്‍ നിന്നായി 3500 പേരെയാണ് ക്ലിനിക്കല്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചത്.