കോഴിക്കോട് : കേരള പദയാത്രയുടെ പോസ്റ്റർ വിവാദമാക്കിയവർക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പദയാത്രയുടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം ‘എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്നെഴുതിയതാണ് ചിലർ ദുരുദ്ദേശത്തോടെ വിവാദമാക്കിയത്. ബിജെപിയിലേയ്‌ക്ക് എസ്.സി-എസ്.ടി നേതാക്കളുടെ കടന്നുവരവിൽ അസഹിഷ്ണുതരായ ചില പാർട്ടികളും മാദ്ധ്യമങ്ങളുമാണ് വിവാദത്തിന് പിന്നിൽ. ഇവർക്കെതിരെ ശക്തമായ ഭാഷയിലാണ് കെ.സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്.
“ഞാൻ ബ്രാഹ്മണൻ ഒന്നും അല്ലല്ലോ. ഞാനൊരു പിന്നാക്കകാരനാണ്. ഈ സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിൽ ജനിച്ചവനാണ് ഞാൻ. ആ എനിക്ക് പട്ടികജാതിക്കാരനൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പറയുന്നത് എന്താണ്. ഞാൻ സവർണമേധാവിയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ വാദിക്കാം. ഞാൻ ഒരു സവർണമേധാവിയുമല്ല. ഞാൻ വളരെ പിന്നാക്ക സമുദായത്തിൽ ജനിച്ച ഒരാളാണ്. പിന്നാക്കകാരനായി ജനിച്ചതിൽ അഭിമാനമുള്ള ഒരാളാണ് ഞാൻ. പട്ടികജാതി നേതാക്കളോടൊപ്പം ഞാൻ വരുന്ന ദിവസങ്ങളിലും ഭക്ഷണം കഴിക്കും, ഈ പദയാത്ര തീർന്നാലും കഴിക്കും” എന്നും അദ്ദേഹം വ്യക്തമാക്കി.