കാസർകോട് : കാസർകോട്ട് കൊവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ഏജൻസിക്കെതിരെ വ്യാപക പരാതി. ടെസ്റ്റ് ചെയ്ത് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഫലം കിട്ടുന്നില്ല. അതിനാൽ അടിയന്തര ശസ്തക്രിയ പോലും വൈകുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
പരിശോധന ഫലം കൃത്യമായി അപ് ലോഡ് ചെയ്യുന്നില്ലെന്നാണ് പരാതി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമയബന്ധിതമായി കൊടുക്കാനാകുന്നില്ല. സർക്കാരിന് ഇതുസംബന്ധിച്ച് പരാതി നൽകിയെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാരിന് കീഴിലെ കെ എം എസ് സി എൽ കരാർ കൊടുത്ത സ്പൈസ് ഹെൽത്തിനെതിരെയാണ് കൂട്ടപ്പരാതി. ഫലം കിട്ടുമെന്ന് അറിയിച്ച് പ്രദർശിപ്പിച്ച നമ്പറിൽ ബസപ്പെട്ടാൽ പ്രതികരണമില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കാസർകോട്ടെ കൊവിഡ് നിരക്ക് താരതമ്യേന കുറയാൻ കാരണം സ്വകാര്യ ടെസ്റ്റിംഗ് ഏജൻസിയുടെ അനാസ്ഥയെന്നും വിലയിരുത്തലുണ്ട്.