ബംഗളൂരു: അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ ഒറ്റക്കെട്ടായി ‘ഇന്ത്യ’. ബംഗളൂരുവില്‍ ചൊവ്വാഴ്ച ചേര്‍ന്ന 28 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിശാല സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിടാന്‍ തീരുമാനമായി. ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലുസിവ് അലയന്‍സ് എന്നതിന്റെ സംക്ഷിപ്തരൂപമാണിത്. യോഗത്തില്‍ ചേര്‍ന്ന മുഴുവന്‍ പാര്‍ട്ടികളും സഖ്യത്തിന്റെ പുതിയ പേരിനോട് യോജിച്ചു. നേരത്തേ, ജൂണ്‍ 23ന് പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗമാണ് ജൂലൈ 18ന് ബംഗളൂരുവില്‍ വീണ്ടും ഒന്നിച്ചിരിക്കാന്‍ തീരുമാനിച്ചത്. ഇക്കുറി എട്ടു പുതിയ പാര്‍ട്ടികള്‍ കൂടി സഖ്യത്തിന്റെ ഭാഗമാവാന്‍ നിശ്ചയിച്ച് യോഗത്തിലെത്തിയിരുന്നു.
സഖ്യത്തിന്റെ പുതിയ പേര് രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീടത് ഡിലീറ്റ് ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു അത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ ‘ചക്‌ദേ ഇന്ത്യ’ എന്ന് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ജനാധിപത്യം, ഭരണഘടന, വൈവിധ്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ‘ഇന്ത്യ’ എന്ന പേര് ഏറെ അനുയോജ്യമാകുമെന്നാണ് പ്രതിപക്ഷകക്ഷി നേതാക്കളുടെ വിലയിരുത്തല്‍.





























