നാരായണ്‍പൂര്‍ : ചത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ നക്സലുകളും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും (ഐ.ടി.ബി.പി) തമ്മില്‍ ഏറ്റുമുട്ടല്‍. ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ ശിവകുമാര്‍ മീണ വീരമൃത്യു വരിച്ചു. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ കേശവ് റാമിന് പരിക്കേറ്റു.
ചോട്ടോ ഡോങ്ഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആംദായ് ഗാട്ടിയിലാണ് വെടിവെപ്പ് നടന്നത്. നാരായണ്‍പൂര്‍ കോണ്‍ഗ്രസ് എം.എല്‍.എ ചന്ദന്‍ കശ്യപിന്‍റെ വാഹനവ്യൂഹത്തിന് പോലീസ് സുരക്ഷ ഒരുക്കുന്നതിനിടെ ആയുധധാരികളായ നക്സല്‍ സംഘമാണ് ആക്രമണം നടത്തിയത്.
ചെറിയ പരിക്കേറ്റ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഐ.ജി സുന്ദര്‍ രാജ് അറിയിച്ചു. രണ്ടാഴ്ച മുന്‍പ് നാരായണ്‍പൂര്‍ ഖനനമേഖലയില്‍ നക്സലുകള്‍ നടത്തിയ വെടിവെപ്പില്‍ ഖനന കമ്പിനി സൂപ്പര്‍വൈസര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചോളം വാഹനങ്ങള്‍ സംഘം അഗ്നിക്കിരയാക്കി.