കൊച്ചി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യംചെയ്യുന്നത്. നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് മുസ്ലീംലീഗിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും പിന്നീട് ഈ പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് കേസ്.
ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നാണ് ആരോപണം. പാലാരിവട്ടം പാലം അഴിമതി കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കി വിജിലന്‍സ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം.
കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവാണ് വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നൽകിയത്.
2016 നവംബര്‍ 15 ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ കോഴിക്കോട്ടെ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം മാര്‍ക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തിയെന്നായിരുന്നു പരാതി. പി എ അബ്ദുള്‍ സമീര്‍ എന്നയാളാണ് ഇത്രയധികം തുക മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതേ ദിവസം തന്നെ എസ്ബിഐയുടെ കലൂര്‍ ശാഖയിലുള്ള ഇതേ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും അബ്ദുള്‍ സമീര്‍ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.