കൊച്ചി പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യത്തിലിറങ്ങിയ മുസ്ലിംലീഗ് എം എല് എ ജാമ്യവ്യവസ്ഥ ലംഘിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന കര്‍ശന ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹീം കുഞ്ഞിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍ ഇത് അവഗണിച്ച് ഇബ്രാഹീംകുഞ്ഞ് പാണക്കാട് സന്ദര്‍ശിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പാണക്കാട് എത്തിയ ഇബ്രാഹീകുഞ്ഞ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കളമശ്ശേരി സീറ്റ് സംബന്ധിച്ചും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. കളമശ്ശേരി സീറ്റില്‍ മത്സരിക്കാന്‍ തായ്യാറാണെന്നും തന്നെ മാറ്റുകയാണെങ്കില്‍ ചില പേരുകള്‍ അദ്ദേഹം നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അസുഖം മൂലം മികച്ച ചികിത്സ വേണമെന്നും ഇതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു ഇബ്രാഹീംകുഞ്ഞ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പരിഗണിച്ചായിരുന്നു ചികിത്സക്കായി എറണാകുളം ജില്ല വിട്ടുപോകരുതെന്ന കര്‍ശന വ്യവസ്ഥയോടെ ജാമ്യം നല്‍കിയത്. ഇബ്രഹീംകുഞ്ഞ് ജാമ്യം ലഭിക്കാന്‍ സ്വകാര്യ ആശുപത്രിയെ സ്വാധീനിച്ച് തന്റെ അസുഖം സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് പാണക്കാട് എത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകും.