പത്തനംതിട്ട : ആശുപത്രികള്‍ മൊത്തം ഊറ്റുകേന്ദ്രങ്ങളാകുന്നോ ?. ചില ആശുപത്രികള്‍ അങ്ങനെയുമാണ്. ചെറിയ പനിയുമായി ചെന്നാല്‍ പോലും കിടക്കേണ്ടത് ഐ.സി.യു വിലാണ്. ചികിത്സയുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണ് ഇത്. കൂട്ടിരിപ്പുകാര്‍ക്കൊന്നും രോഗിയെ കാണുവാന്‍ കഴിയില്ല. എന്തൊക്കെ മരുന്നുകള്‍ കൊടുക്കുന്നുണ്ടെന്നും ആരൊക്കെയാണ് നല്‍കുന്നതെന്നും കാണുവാന്‍ സാധിക്കില്ല. ഇടയ്ക്കിടയ്ക്ക് ഐ.സി.യു വിന്റെ ചില്ലുവാതില്‍ തുറന്ന് ഒരു നീട്ടിപ്പിടിച്ച കുറുപ്പടി വെച്ചുനീട്ടും, ഫാര്‍മസിയില്‍ നിന്നും ഉടന്‍ വാങ്ങി എത്തിക്കുവാനുള്ള മരുന്നുകളുടെ ലിസ്റ്റാണ് ഇത്. ചില ആശുപത്രിയില്‍ ഈ മരുന്നുകള്‍ കൊണ്ടുപോകാന്‍ ഫാര്‍മസിയില്‍ നിന്നും വലിയ ബക്കറ്റുകള്‍ നല്‍കും. ഈ ബക്കറ്റുകളും ബാസ്കറ്റുകളും കണ്ടാല്‍ത്തന്നെ പേടിച്ചുപോകും. ഒരു രോഗിക്ക് ഇത്രയും മരുന്നോ എന്ന് ആരും ചോദിക്കും. എന്നാല്‍ ആശുപത്രിയില്‍ മറുചോദ്യം ഇല്ലല്ലോ. ചോദിച്ചാല്‍ ആശുപത്രിയില്‍ അക്രമം നടത്തിയെന്നു പറഞ്ഞ് കേസെടുക്കും. അതിനാല്‍ ബ്രിട്ടീഷ് ഭരണകാലത്തെപ്പോലെ ജനങ്ങള്‍ എല്ലാം മിണ്ടാതെ സഹിക്കുന്നു.
ഓരോ തവണയും പതിനയ്യായിരത്തിന്റെയും ഇരുപതിനായിരത്തിന്റെയും മരുന്നുകള്‍, ഇത് ദിവസം പലതവണ ആവര്‍ത്തിക്കും. മരുന്നുമായി ഐ.സി.യുവിന്റെ വാതില്‍ വരെ പോകാം. മരുന്നുകള്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ ഇതെല്ലാം രോഗിക്ക് കൊടുക്കാറില്ല. അതീവ രഹസ്യമായി ഇവ തിരികെ ഫാര്‍മസിയില്‍ തന്നെ എത്തും. രോഗി ഇതൊന്നും അറിയില്ല, കൂടെയുള്ള ബന്ധുക്കളും ഇതൊന്നും അറിയാറില്ല. അറിഞ്ഞാലും പ്രതികരിക്കില്ല, കാരണം ഇല്ലാത്ത രോഗത്തിന്റെ ഭീകരാവസ്ഥ പറഞ്ഞ് ഇവരെയൊക്കെ മയക്കിയിട്ടിരിക്കുകയാണല്ലോ. അതിനുള്ള പ്രത്യേക പരിശീലനം ഡോക്ടര്‍മാര്‍ക്കും ലഭിച്ചിട്ടുണ്ട്. തന്നെയുമല്ല കച്ചവടത്തില്‍ കമ്മീഷനും കിട്ടും, അതുകൊണ്ടുതന്നെ നല്‍കുന്ന കുറിപ്പടിയിലെ മരുന്നുകള്‍ എന്തുവിലകൊടുത്തും വാങ്ങി നല്‍കുവാന്‍ രോഗിയോട് ഒപ്പമുള്ളവര്‍ തയ്യാറാകും.
രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് പ്രത്യേകം വി.ഐ.പി മുറി നല്‍കാറുണ്ട്. എന്നാല്‍ ഐ.സി.യുവിന്റെ ചില്ലുവാതില്‍ തുറന്ന് തങ്ങളെ വിളിക്കുന്നതും കാത്ത് ഇവര്‍ ഇവിടെത്തന്നെ രാവും പകലും കാണും. കോടികള്‍ മുടക്കി ആശുപത്രി പണിയുന്നത് പുണ്യത്തിനല്ലെന്നും അത് കച്ചവടമാണെന്നും എല്ലവര്‍ക്കും അറിയാം. എന്നാല്‍ ആ കച്ചവടത്തില്‍ ഒരു സുതാര്യത ആവശ്യമാണ്. ഐ.സി.യുവില്‍ കിടക്കുന്ന രോഗികളെ കൂടെയുള്ളവര്‍ക്ക് കാണുവാന്‍ വയര്‍ലെസ്സ് ക്യാമറകള്‍ സ്ഥാപിക്കാം. ഇതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കാം. അതുമല്ലെങ്കില്‍ കൂട്ടിരിപ്പ് കാര്‍ക്ക് നല്‍കിയ മുറിയില്‍ ഈ ദൃശ്യം എപ്പോഴും കാണുന്ന രീതിയില്‍ എല്‍.ഇ.ഡി. മോണിട്ടര്‍ സജ്ജീകരിക്കാം. എന്നാല്‍ ഇതൊന്നും ചെയ്യാതെ ആശുപത്രിയില്‍ എത്തുന്ന രോഗികളെ മൊത്തം ഊറ്റുന്ന നടപടിയാണ് ഇന്ന് ചിലര്‍ ചെയ്തുവരുന്നത്.
ഒരു കാരണവും കൂടാതെ ദിവസങ്ങളോളം ഐ.സി.യു എന്ന രഹസ്യ ഊറ്റുകേന്ദ്രത്തില്‍ രോഗികളെ പാര്‍പ്പിക്കും. അവിടെ എന്തുനടന്നാലും പുറത്ത് ആരും അറിയില്ല. വൈദ്യന് കൈപ്പിഴ വന്നാലും അത് ആരും അറിയില്ല. എന്നാല്‍ വയര്‍ലെസ്സ് ക്യാമറകള്‍ സ്ഥാപിച്ചാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓരോ ചലനങ്ങളും ബന്ധുക്കള്‍ക്ക് കാണാം. ഇന്റര്‍നെറ്റും മൊബൈലും ആധുനിക സംവിധാനങ്ങളും ഇവിടെയുള്ളപ്പോള്‍ ഇനിയും വേണോ ഈ രഹസ്യ ചികിത്സ?.
ആശുപത്രിയിലേക്ക് നടന്നുകയറിയ രോഗികളെ തിരികെ വീട്ടിലേക്ക് ആംബുലന്‍സുകളില്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ആവശ്യമില്ലാതെ മരുന്നുകളും ടെസ്റ്റുകളും മൂലം രോഗിയുടെ അസുഖം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ പലതുമുണ്ട്. എന്നിരുന്നാലും അവിടേക്ക് പോകുവാന്‍ ഇന്നും ചിലര്‍ക്ക് വിമുഖതയാണ്. വൃത്തിയും വെടിപ്പുമില്ലാത്ത അന്തരീക്ഷ സാഹചര്യങ്ങളാണ് അതിനു പ്രധാന കാരണം. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ ആശുപത്രിയുടെ മെച്ചപ്പെട്ട സൌകര്യങ്ങള്‍ രോഗികള്‍ക്ക് നിഷേധിക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രി കൂടുതല്‍ മെച്ചപ്പെടണം. എങ്കില്‍ മാത്രമേ ഊറ്റു കേന്ദ്രങ്ങളായ സ്വകാര്യ ആശുപത്രി മുതലാളിമാര്‍ക്ക് മൂക്കുകയര്‍ ഇടുവാന്‍ കഴിയു. സ്വകാര്യ ആശുപത്രികളില്‍ നിന്നും നിങ്ങള്‍ക്ക് ഇത്തരം ചൂഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. ഫോണ്‍ 94473 66263
സ്വകാര്യ ആശുപത്രിയിലെ പകല്‍കൊള്ളകള്‍ – തുടരും