തൊടുപുഴ: ഇടമലയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. പെരിയാറില്‍ ചെറിയ തോതില്‍ ജലനിരപ്പ് ഉയരും. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ 13 ഷട്ടറും തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി ഇന്ന് ഇടുക്കി ഡാമില്‍നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി ഉയര്‍ന്നു. സെക്കന്‍ഡില്‍ 300 ക്യൂസെക്‌സ് വെള്ളമാണ് അഞ്ച് ഷട്ടറുകളിലൂടെ പുറത്തുവിടുന്നത്.
മുല്ലപ്പെരിയാറില്‍നിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. റൂള്‍ കര്‍വ് പരിധിയിലും ഉയര്‍ന്ന് ജലനിരപ്പ് നില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് കൂടുതല്‍ ജലം പെരിയാറിലേക്ക് ഒഴിക്കുമോ എന്ന ആശങ്കയുണ്ട്. റൂള്‍ കര്‍വ് പാലിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.