റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റാനുള്ള നൂതനാശയങ്ങളുമായി സ്കൂള്‍ പി.ടി.എ രംഗത്ത്. അധ്യാപക രക്ഷകര്‍ത്തൃ സമ്മേളനത്തിലാണ് പുതിയ ആശയം ഉരുത്തിരിഞ്ഞത്. ഹൈടെക് കെട്ടിടത്തിലേക്ക് അധ്യായനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിന്‍റെ പാതയിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍ അധ്യാപകര്‍, സ്പോര്‍ട്ട്സ് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പിന്തുണയോടും സഹായത്തോടുമാണ് ആശയം നടപ്പിലാക്കുന്നത്.
വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, കബഡി തുടങ്ങിയവയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് പരിശീലനം സ്കൂളില്‍ നല്‍കും. അത് ലറ്റിക്സിലെ വിവിധ ഇനങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കും. എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള കായിക പരിശീലനത്തിനും അതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രത്സാഹിപ്പിക്കുവാനുമുള്ള ബഹൃത്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ വോളിബോളില്‍ തുടർച്ചയായി മികവ് കാട്ടിയിരുന്നത് ഇടമുറി സ്കൂളായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ രാജീവ് ഉദ്ഘാടനം ചെയ്തു.
എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപിക കെ.പി അജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോശിമാത്യു, വിജയകുമാര്‍, കെ.ജെ ഫിലിപ്പ്, ദിനേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ ഭാരവാഹികളായി എം.വി പ്രസന്നകുമാര്‍ (പ്രസിഡന്‍റ്), ഇ.കെ ബാബു(വൈസ് പ്രസിഡന്‍റ്) എന്നിവരെയും, എം.പി.ടി.എ ഭാരവാഹികളായി ബിന്ദു സുനില്‍ (പ്രസിഡന്‍റ്), അജിതാ രമേശ് (വൈസ് പ്രസിഡന്‍റ്) എന്നിവരെയും തിരഞ്ഞെടുത്തു.