കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ ഇടയത്തുപടിയിലെ കൊടുംവളവ് അപകടക്കെണിയൊരുക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇതിനോടകം ഇവിടെ സംഭവിച്ചിരിക്കുന്നത്. ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുനടന്ന അപകടമാണ് അവസാനത്തേത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിൽ ആധുനിക നിലവാരത്തിൽ ടാർചെയ്ത് നവീകരിച്ചതാണ് കോന്നി തണ്ണിത്തോട് റോഡും കോന്നി അട്ടച്ചാക്കൽ കുമ്പഴ റോഡും. ഈ രണ്ടു റോഡിലേക്ക് കയറണമെങ്കിലും ഇടയത്തുപടി ജംഗ്ഷൻ കടന്നുവേണം പോകുവാൻ. ഇവിടെ സ്കൂളിന് സമീപത്തായി എസ് ആകൃതിയിലുള്ള കൊടും വളവാണ് വാഹനാപകടങ്ങൾക്ക് കാരണമാകുന്നത്.
മുൻപും നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതുവഴി സഞ്ചരിച്ച കാർ വളവിൽ നിയന്ത്രണം വിട്ട് സമീപത്തെ വീടിൻറെ മതിൽ തകർത്ത സംഭവവും ഉണ്ടായിട്ടുണ്ട്. കൊടും വളവുകൾ ആയതിനാൽ വലിയ വാഹനങ്ങൾ പോലും വളരെ അടുത്ത് എത്തിയതിനുശേഷമാണ് ഡ്രൈവർമാരുടെ കണ്ണിൽ പെടുക. വളവിൽ പൊതുമരാമത്ത് വിഭാഗം മിറർ സ്ഥാപിച്ചെങ്കിലും ഇതും പ്രയോജനം കണ്ടില്ല. ടിപ്പർ ലോറികളും സർവീസ് നടത്തുന്ന ബസുകളും അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.