ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് ഇടുക്കി എസ്പി വിയു കുര്യാക്കോസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുക. പ്രതിയെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ശ്രമങ്ങള്‍ ഊര്‍ജ്ജമാക്കിയെന്നും ലുക്കൗട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കുമെന്നും എസ്പി കുര്യാക്കോസ് അറിയിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞതായും കേസില്‍ തീവ്രവാദ ബന്ധത്തിന് നിലവില്‍ തെളിവുകളില്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ഇയാള്‍ ഡാമില്‍ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പോലീസുകാരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. ഇടുക്കി ആര്‍ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുള്‍ ഗഫൂര്‍, സുരേന്ദ്രന്‍ പി ആര്‍, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സന്ദര്‍ശകരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാല്‍ മുഹമ്മദ് നിയാസിനെ പരിശോധനകള്‍ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണല്‍ എസ്പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.