ഇടുക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകർഷണങ്ങളിലൊന്നാണ് ഇടുക്കി ഡാം. പരിമിതമായ സമയത്ത് മാത്രമാണ് സന്ദർശകർക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ അടുത്ത് ഇവിടെയുണ്ടായ സുരക്ഷാ വീഴ്ചയെത്തുടർന്ന് ഇടുക്കി ഡാം സന്ദർശിക്കുന്നവർക്ക് കർശനമായ പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്. ഓണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തുറന്ന ഇവിടേക്കുള്ള പ്രവേശനം ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് സന്ദർശിക്കാനെത്തുന്നവർ പുതിയ സുരക്ഷാ പരിശോധനകളോട് സഹകരിക്കേണ്ടതാണ്. എല്ലാവരെയും ദേഹപരിശോധന നടത്തി മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സ്ത്രീകൾക്ക് ദേഹപരിശോധന നടത്താനായി പ്രത്യേക പരിശോധനാ ക്യാബിനും ഒപ്പം വനിതാ പോലീസിനെയും സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഡാമിനുള്ളിലേക്ക് പോകുമ്പോൾ കയ്യിൽ കൊണ്ടുപോകാന്‍ സാധിക്കുന്ന സാധനങ്ങൾക്കും നിയന്ത്രണമുണ്ട്. കുടിവെള്ളം, കുഞ്ഞുങ്ങൾ ഒപ്പമുണ്ടെങ്കിൽ അവർക്കുള്ള കുപ്പിപ്പാലും മാത്രമേ കൈവശം കരുതാവൂ. മൊബൈൽ ഫോൺ, വാച്ച്, ബാഗ്, പേഴ്സ് തുടങ്ങിയ ഒരു വസ്തുക്കളും ഡാമിനുള്ളിലേക്ക് കൊണ്ടുപോകാൻ കഴിയില്ല.
ഇടുക്കി ഡാമിനുള്ളിൽ ബോട്ട് റൈഡിങ്ങിനു പോകുമ്പോള്‍ കൈവശം കരുതാവുന്ന സാധനങ്ങൾക്കും നിയന്ത്രണമുണ്ട്. ഇവർക്കും ക്യാമറ, മൊബൈൽ ഫോൺ എന്നിവ കൊണ്ടുപോകാൻ സാധിക്കില്ല. നിലവിൽ ചെറുതോണി അണക്കെട്ടിന് സമീപം പ്രവർത്തിച്ചുകൊണ്ടിരുന്ന ടിക്കറ്റ് കൗണ്ടർ വെള്ളാപ്പാറയിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം സുരക്ഷ മുൻനിർത്തി ഡാം ഷട്ടറുകൾക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇടുക്കി ഡാം, ചെറുതോണി അണക്കെട്ട്, വൈശാലി ഗുഹ തുടങ്ങിയ ഇടങ്ങൾ ഈ യാത്രയിൽ കാണാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ബഗ്ഗി കാറിലൂടെ ഡാം സന്ദർശിക്കാം. പരമാവധി എട്ടു പേർക്ക് വരെ ഒരു സമയം കയറാൻ പറ്റുന്ന ബഗ്ഗി കാറില്‍ ഒരു ട്രിപ്പിന് 600 രൂപയാണ് നിരക്ക്.