ഇടുക്കി : പീരുമേട് പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതൽ നടപടി ആരംഭിക്കുമെന്ന് ജില്ല കളക്‌ടർ വി.വിഗ്നെശ്വരി. ഭൂമി കൈവശം വെച്ചിരിക്കുന്നവർ ഹാജരാക്കിയ രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്. പത്ത് സെൻറിൽ താഴെ ഭൂമി കൈവശം വെച്ച പാവപ്പെട്ടവർക്ക് അവരുടെ കയ്യിലുള്ള സ്ഥലമോ പകരം ഭൂമിയോ അനുവദിക്കും. ഭൂമി കൈവശം വെച്ചിരിക്കുന്നവർ ഹാജരാക്കിയ രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്. പരുന്തുംപാറയില സർക്കാർ ഭൂമിയിൽ കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ മഞ്ചുമല വില്ലേജിലെ 441, പീരുമേട് വില്ലേജിലെ 534 എന്നീ സർവേ നമ്പരുകളിലുള്ള ഭൂമിയുടെ രേഖകളാണ് പരിശോധിക്കുന്നത്. 2100 തണ്ടപ്പേരുകളിലാണ് ഭൂമി കൈവശം വെച്ചിരിക്കുന്നത്. ഇതിൽ 645 എണ്ണം പത്ത് സെൻറിൽ താഴെയുള്ളതാണ്. ഇവർക്ക് മറ്റൊരിടത്തും ഭൂമി ഇല്ലെങ്കിൽ കൈവശമുള്ളത് പട്ടയം അനുവദിക്കാൻ പറ്റുന്നതാണങ്കിൽ അവിടെ തന്നെ സ്ഥലം അനുവദിക്കും. അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകും.
25 ഓളം പേരുടെ കയ്യിൽ അഞ്ചേക്കറിൽ കൂടുതൽ ഭൂമിക്ക് പട്ടയമുണ്ട്. സാധാരണ ഗതിയിൽ നാലേക്കറിൽ കൂടുതൽ ഭൂമിക്ക് പട്ടയം നൽകാറില്ല. നിയമപരമല്ലെങ്കിൽ നടപടി എടുക്കാൻ പീരുമേട് തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു മുന്നോടിയായി ആദ്യഘട്ട നോട്ടീസ് നൽകി. രേഖകൾ പരിശോധിച്ച ശേഷം കെഎൽസി ആക്‌ട് പ്രകാരം ബാക്കി നോട്ടീസുകൾ നൽകി ഹിയറിംഗ് നടത്തിയ ശേഷം പട്ടയം റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും. പത്തു സെൻറിനും അഞ്ചേക്കറിനും ഇടയിൽ ഭൂമി കൈവശമുള്ള 1475 ഓളം പേരുടെ കയ്യിലുള്ള രേഖകൾ പരിശോധിച്ച് സർവേ നടത്തും. ഹിയറിംഗ് നടത്തി ഓരോ കേസിലും അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം വരെ സമയമെടുക്കും. എങ്കിലും ആറുമാസം കൊണ്ട് നടപടികൾ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം ജില്ലാ കളക്ടര്‍ വി.വിഗ്നെശ്വരിയുടെ നടപടികള്‍ക്കെതിരെ ശക്തമായ ജനരോഷമുയരുന്നുണ്ട്. വേണ്ടത്ര ആലോചനകളില്ലാതെയാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെയോ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചവര്‍ക്കെതിരെയോ അല്ല ഇപ്പോഴത്തെ നടപടികള്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പട്ടയം ലഭിച്ച ഭൂമികള്‍ ഇവിടെ പലരും വാങ്ങിയിട്ടുണ്ട്. പത്തു സെന്റ് മുതല്‍ ഒരേക്കര്‍ വരെയുള്ള ഭൂമി വാങ്ങിയവരാണ് കൂടുതലും. പീരുമേട്ടിലെ ശാന്തമായ കാലാവസ്ഥയും അനന്തമായ ടൂറിസം സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ട് വേനല്‍ക്കാല വസതികളും ഹോംസ്റ്റേകളും നിര്‍മ്മിക്കുവാനാണ് ഇവിടെ പലരും ചെറിയ ഭൂമികള്‍ വാങ്ങിയത്. നിയമപരമായ എല്ലാ രേഖകളും പരിശോധിച്ചതിനുശേഷമാണ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ചിട്ടാണ് അനുമതികള്‍ നല്കിയതും. എന്നാല്‍ ജില്ലാ കളക്ടര്‍ വി.വിഗ്നെശ്വരി ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് ഇത്തരക്കാരെയാണെന്നാണ് ആരോപണം ഉയരുന്നത്.





























