ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍ തീരുമാനം. മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ലഭ്യമായ റവന്യൂ ഭൂമി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. റവന്യൂ ഭൂമിയുടെ ലഭ്യത സംബന്ധിച്ച് പരിശോധന നടത്താന്‍ സഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കും.
റോയ് കെ. പൗലോസ് എംഎല്‍എയാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. വിവിധ ക്യാമ്പുകളിലായി കഴിയുന്ന 23 കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് എംഎല്‍എ അറിയിച്ചു. ക്യാമ്പില്‍ നിന്ന് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി വാടക വീട് ലഭ്യമാക്കുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തി.
മഴയില്‍ തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി. ആകെ 117 റോഡുകള്‍ തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 46 റോഡുകളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 71 റോഡുകളുമാണ് തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്ക് 9 കോടിയുടെ നാശനഷ്ടവും തദ്ദേശ സ്വയംഭരണ വകുപ്പിന്റേത് 74 ലക്ഷം രൂപയുടെ നാശവുമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. കനത്ത മഴയില്‍ ജില്ലയില്‍ 33 ഹെക്ടര്‍ കൃഷിനാശമാണുണ്ടായത്. ഏകദേശം 1.36 കോടിയുടെ നാശനഷ്ടമാണ് കാര്‍ഷിക വിളകള്‍ക്കുണ്ടായത്. കൃഷിനാശം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാന ഹൈവേകളിലും പൊതുമരാമത്ത് റോഡുകളിലും മഴയെ തുടര്‍ന്ന് അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. തുടര്‍ന്നും ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. മഴയുടെ ശക്തി കുറയുന്ന സാഹചര്യത്തില്‍ ക്യാമ്പുകള്‍ പിരിച്ചുവിട്ടാലും എപ്പോള്‍ വേണമെങ്കിലും ക്യാമ്പുകള്‍ തുറക്കാന്‍ കഴിയുന്ന വിധത്തില്‍ സജ്ജമായിരിക്കണം. അപകടങ്ങളില്‍ ഗുരുതര പരിക്കേറ്റവര്‍ക്കും ജീവനും ഭൂമിയും നഷ്ടമായവര്‍ക്കും സഹായമെത്തിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മൂന്നാറില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ യോഗം തീരുമാനിച്ചു. ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തും. ദുരന്തനിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും എന്‍ജിനീയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. ദേവികുളം സബ് കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ജില്ലയിലെ ഡാമുകളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയും ഇറിഗേഷന്‍ വകുപ്പും യോഗത്തില്‍ അറിയിച്ചു. മലങ്കര ഡാമില്‍ നിലവില്‍ ജലനിരപ്പ് കുറയുകയാണ്. 40.56 മീറ്ററാണ് 12 മണിവരെയുള്ള കണക്ക് പ്രകാരം ജലനനിരപ്പ്. 42 മീറ്ററാണ് ഡാമിലെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍. നിലവില്‍ 5 ഷട്ടറുകള്‍ 50 മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. മുവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ ആര്‍ഡിഒയുമായും തഹസില്‍ദാറുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ യോഗം നിര്‍ദേശിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 70% ആയിരുന്ന ജലനിരപ്പ് നിലവില്‍ 43% മാത്രമാണ്. ഇടുക്കി ഡാമില്‍ വൈദ്യുതി ഉത്പാദനം ഇല്ലാതിരുന്നതിനാലാണ് മലങ്കര ഡാമില്‍ അധികം വെള്ളമെത്താതിരുന്നതും കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതെന്നും വിലയിരുത്തി.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാട് എടുക്കുന്നത് ഗുണകരമായിരിക്കുമെന്ന് യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. നിലവില്‍ 119.75 അടിയാണ് ഡാമിലെ ജലനിരപ്പ്.
റോഡിന്റെ വശങ്ങളില്‍ അപകടകരമായ സ്ഥിതിയിലുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചുനീക്കണമെന്ന് ഡീന്‍ കുര്യോക്കോസ് എംപി ആവശ്യപ്പെട്ടു. മരം മുറിക്കുന്നതിന് കാലതാമസം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മൂന്നാറിലെ അപകടാവസ്ഥയിലുള്ള പാലവും അപ്രോച്ച് റോഡിന്റെയും പുനരുദ്ധാരണം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കും. അപ്രോച്ച് റോഡ് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കലുങ്കുകളും ഓടകളും തുറന്ന് നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. കോട്ടയം-കുമളി റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് പരിശോധന നടത്തും.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ സേനാപതി വേണു, എഫ്. രാജ, സിറിയക് തോമസ്, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.































