ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിൽ അഞ്ചര വയസ്സുകാരിക്ക് അടിയന്തിര സ്കാനിങ് നിഷേധിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ആശുപത്രി അധികൃതർ. ഡോക്ടർ അടിയന്തര സ്കാനിങ് നിർദേശിച്ചിട്ടും ഒരാഴ്ച കഴിഞ്ഞേ സ്കാനിങ് ചെയ്യാൻ സാധിക്കൂ എന്ന് ജീവനക്കാരൻ നിലപാടെടുക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ പിതാവ് അരുൺ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകുകയും വിഷയം വലിയ വാർത്തയാവുകയും ചെയ്തു. തുടർന്ന് സൂപ്രണ്ടിന്റെ ഓഫീസിൽ നിന്ന് കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ കുടുംബത്തിന് സംഭവിച്ച ബുദ്ധിമുട്ടിൽ സൂപ്രണ്ട് ഖേദം പ്രകടിപ്പിച്ചതായും ജീവനക്കാരനിൽ നിന്ന് വിശദീകരണം എഴുതി വാങ്ങിയശേഷം റൊട്ടേഷൻ വ്യവസ്ഥയിൽ ഡ്യൂട്ടി മാറ്റിയിട്ടുണ്ടെന്നും ഇനി ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയതായും ഓഫീസിൽ നിന്ന് വിളിച്ചയാൾ വ്യക്തമാക്കി. എന്നാൽ ജീവനക്കാരനെ ഒരു സ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്ക് ഇടുന്നതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അവർ വീണ്ടും ഇത് ആവർത്തിക്കില്ലേ എന്നും പിതാവ് ചോദിച്ചു. വിഷയം ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും ആരോപണമുണ്ട്.
മലയോരമേഖലയിലെ സാധാരണക്കാർ പൂർണമായും ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയാണ് ഇടുക്കി മെഡിക്കൽ കോളേജ്. എന്നാൽ ആവശ്യത്തിന് ജീവനക്കാരും സജ്ജീകരണങ്ങളും ഡ്യൂട്ടിയിലുണ്ടായിട്ടും ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം സമീപനവും അശ്രദ്ധയും തുടർച്ചയായ പരാതികൾക്ക് ഇടയാക്കുന്നുണ്ട്. മൂന്നരമാസം മാത്രം പ്രായമുള്ള കുട്ടിക്ക് കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് ഫാർമസിയിൽ നിന്ന് നൽകിയ സംഭവത്തിലും ഇടുക്കി മെഡിക്കൽ കോളേജിൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ ഫാർമസിസ്റ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും തുടർ നടപടികൾ ഉണ്ടായേക്കുമെന്നുമാണ് വിവരം.





























