അടൂര്‍ : അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയില്‍ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള സജ്ജീകരണങ്ങൾ ഇല്ലെങ്കിൽ പിന്നെന്തിന് … എന്റെ കുഞ്ഞിനെ അവിടെ കിടത്തി ?. അടൂര്‍ കിളിവയലിനടുത്ത് ചാത്തന്നുപ്പുഴ സ്വദേശി മനീഷ് ആർ പിള്ളയാണ് തന്റെ ഹൃദയവേദന ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചത്. നിരവധിപേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അടൂർ ലൈഫ് ലൈൻ ആശുപത്രിയില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ കമന്റായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആറര വയസ്സുമാത്രം പ്രായമുള്ള തന്റെ മകള്‍ ഭാഗ്യ എം.പിള്ളയെ ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് പനിയുമായി അടൂർ ലൈഫ് ലൈൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പിതാവ് മനീഷ് പറയുന്നു. ജൂഡി എന്ന ഡോക്ടര്‍ ആണ് ചികില്‍സിച്ചത്. മൂന്നു ദിവസം കിടന്നിട്ടും പനി കുറഞ്ഞില്ലെന്ന് മാത്രമല്ല ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാനും സമ്മതിച്ചില്ല. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ്ജ് വാങ്ങി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തുകയായിരുന്നു. അവിടെയെത്തി എക്സ്റേ എടുത്തപ്പോള്‍ തന്നെ ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചു. കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. ഇപ്പോഴും അവിടെ ചികിത്സയിലാണ്. ലൈഫ് ലൈൻ ആശുപത്രിയില്‍ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള സജീകരണങ്ങൾ ഇല്ലെങ്കിൽ പിന്നെ എന്തിന് അവിടെ മൂന്നു ദിവസം കിടത്തി ചികിത്സിച്ചു എന്നാണ് ഡ്രൈവറായ മനീഷ് ആർ പിള്ളയുടെ ചോദ്യം.
മനീഷ് ആർ പിള്ളയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ :- ഇത് അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ ആണ്. കഴിഞ്ഞ ഏഴ് ദിവസം മുൻപ് എന്റെ കുഞ്ഞിന് പനിയായി ഇവിടെ വന്നിരുന്നു. കുഞ്ഞിനെ നെഞ്ചിനകത്ത് വേദനയാണെന്നും പറഞ്ഞാണ് വന്നത് ചെറിയ പനിയും ഉണ്ടായിരുന്നു. അവിടെയുള്ള ജൂഡി
എന്ന് പറയുന്ന ഡോക്ടറെയാണ് സമീപിച്ചത്. ഡോക്ടർ പറഞ്ഞു പിഐസിയിലോട്ട് മാറ്റണമെന്ന്. എല്ലാം മെഡിക്കൽ ടെസ്റ്റുകളും ചെയ്യിപ്പിച്ചു, എന്നിട്ട് പറയുന്നു കുഞ്ഞിന് നോർമൽ ആണെന്ന്. പക്ഷേ ഓരോ ദിവസം കഴിയുന്തോറും എന്റെ കുഞ്ഞിന്റെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഞങ്ങൾ ഡോക്ടറോട് സംസാരിച്ചു. ഞങ്ങൾ വേറെ എവിടെയെങ്കിലും കൊണ്ടുപോയിക്കോട്ടെ എന്ന്. അപ്പോൾ ഡോക്ടർ പറയുകയാണ്, ഒരു കുഴപ്പവുമില്ല, ഞങ്ങൾ നല്ല ചികിത്സ കൊടുത്തോളാം എന്ന്. ഡോക്ടറുടെ വാക്ക് കേട്ട് ഞങ്ങൾ ഉച്ചവരെ വെയിറ്റ് ചെയ്തു. എന്നിട്ടും കുഞ്ഞിന് ഒരു കുറവുമില്ല. കുഞ്ഞിന്റെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നിട്ടും ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട് ഡോക്ടറെ ഞങ്ങൾ വേറെ എവിടെയെങ്കിലും കൊണ്ടുപോയിക്കോട്ടെ എന്ന്. അപ്പോൾ ഡോക്ടർ പറയുകയാണ് കുഴപ്പമില്ല ഞങ്ങളുടെ ട്രീറ്റ് ചെയ്തോളാം എന്ന്.
ഞങ്ങൾ നിർബന്ധം പിടിച്ച് തിരുവനന്തപുരം എസ് ഐ ടി ഹോസ്പിറ്റലിലോട്ട് ഐസിയു ആംബുലൻസില്‍ എത്തിക്കുകയായിരുന്നു. അവിടെ ചെന്ന് എക്സറേ എടുത്തു നോക്കിയപ്പോൾ അന്നേരം തന്നെ രോഗം കണ്ടുപിടിച്ചു. നിമോണിയ എന്ന രോഗമായിരുന്നു. ലൈഫ് ലൈൻ ഹോസ്പിറ്റലിൽ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള സജീകരണങ്ങൾ ഇല്ല എങ്കിൽ പിന്നെ എന്തിന് അവിടെ കിടത്താൻ പറയുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരുടെ വാക്കും കേട്ട് ഞാൻ കുഞ്ഞിനെ അവിടെ കിടത്തിയിരുന്നെങ്കിൽ ഇന്ന് എനിക്ക് കുഞ്ഞ് നഷ്ടമായേനെ. മരുന്നുകൂടാതെ ഒന്നര ദിവസമായി കിടന്നതിന് 8000 രൂപ അവർ എന്റെ കയ്യിൽ നിന്നും മേടിച്ചു. ഇതുപോലെ തട്ടിപ്പ് നടത്തുന്ന ഈ ഹോസ്പിറ്റലിൽ എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് അഭ്യർത്ഥിക്കുന്നു. ഇത് മാക്സിമം ഷെയർ ചെയ്യുക. എല്ലാവരും എത്തിക്കുക. കഴിവതും അവിടെ കുഞ്ഞുങ്ങളെ കൊണ്ട് പോകാതിരിക്കുക. എന്റെ കുഞ്ഞിനെ രക്ഷപെടുത്തിയതിന് തിരുവനന്തപുരം S A T ഡോക്ടർമാരോട് നന്ദി പറയുന്നു…
എന്നാല്‍ പനിയുടെ ആരംഭദിശയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആ സമയത്ത് കൊടുക്കേണ്ട ചികിത്സകള്‍ കൃത്യമായി നല്‍കിയെന്നും അടൂര്‍ ലൈഫ് ലൈൻ ആശുപത്രി ചെയര്‍മാന്‍ ഡോ.പാപ്പച്ചന്‍ പറഞ്ഞു. സാധാരണ പനിക്കുള്ള മരുന്നുകള്‍ ആണ് ആദ്യം നല്‍കിയത്. ന്യുമോണിയയുടെ ഒരു ലക്ഷണവും അപ്പോള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എക്സ്റേ എടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പനി തുടങ്ങി കുറച്ചുദിവസം കഴിയുമ്പോള്‍ മാത്രമേ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കാണുകയുള്ളൂ. കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഡിസ്ചാര്‍ജ് നല്‍കിയത്. ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ചകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ഡോ.പാപ്പച്ചന്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു.