അമേരിക്ക : ലോകത്തെ തന്നെ ഏറ്റവും മുതിര്‍ന്ന പകര്‍ച്ചവ്യാധി രോഗ വിദഗ്ധനായ ഇയാന്‍ ലിപ്കിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊളംബിയ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷന്‍ ആന്റ് ഇമ്യൂണിറ്റി ഡയറക്ടറാണ് ഇയാന്‍ ലിപ്കിന്‍. അമേരിക്കയില്‍ കൊറോണ വൈറസിനെക്കുറിച്ച് ആധികാരിക അറിവുള്ളയാളായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഇതുവരെ 5.31ലക്ഷത്തിലേക്ക് പകരുകയും 24000 ത്തിലേറെ പേരുടെ ജീവന്‍ എടുക്കുകയും ചെയ്തിട്ടുണ്ട് കൊറോണ വൈറസ്.
2011ല്‍ പകര്‍ച്ചവ്യാധികളെ അടിസ്ഥാനമാക്കി ഇറങ്ങിയ ഹോളിവുഡ് ചിത്രം കന്റാന്‍ജിയന്റെ കണ്‍സള്‍ട്ടന്റായും ലിപ്കിന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അജ്ഞാതമായ വൈറസ് ആക്രമണത്തെ തുടര്‍ന്ന് മനുഷ്യര്‍ കൊല്ലപ്പെടുന്നതും ലോകം നിശ്ചലമാകുന്നതുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സമാനമായ അവസ്ഥയിലൂടെ ലോകം കടന്നുപോകുമ്പോഴാണ് ഇയാന്‍ ലിപ്കിനും കൊവിഡ് 19 പിടിപ്പെട്ടിരിക്കുന്നത്. തനിക്ക് കൊവിഡ് 19 ബാധിക്കാമെങ്കില്‍ അമേരിക്കയിലുള്ള ആര്‍ക്കും ഇത് വരാമെന്നാണ് ലിപ്കിന്‍ പറഞ്ഞത്.
വെസ്റ്റ് നൈല്‍ വൈറസിന്റേയും സാര്‍സ് കൊറോണ വൈറസിന്റേയും പഠനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഗവേഷകനാണ് ലിപ്കിന്‍. ചൈനയില്‍ കൊവിഡ് 19 പൊട്ടി പുറപ്പെട്ടപ്പോള്‍ രോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി അദ്ദേഹം ചൈനയിലേക്ക് പോയിരുന്നു. കൊവിഡ് 19 ബാധിതരുടെ കണക്കില്‍ ചൈനക്കും ഇറ്റലിക്കും കീഴെ മൂന്നാം സ്ഥാനത്താണ് അമേരിക്കയുള്ളത്. കൊവിഡ് 19ന്റെ ആസ്ഥാനം അമേരിക്കയായി മാറാനുള്ള സാധ്യത ഏറെയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് 19 മരണങ്ങളുടെ കാര്യത്തില്‍ ഇറ്റലിയും സ്‌പെയിനും ചൈനയെ മറികടന്നിരുന്നു.