പത്തനംതിട്ട : തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്യായമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥൻ ശ്രീരാജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സി.പി.എമ്മിന്റെ ഏറാന്‍മൂളികളായി പ്രവർത്തിക്കാനാണ് പോലീസിന്റെ തീരുമാനമെങ്കിൽ തെരുവിൽ നേരിടുമെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു. സഹകരണ മേഖല പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സിപിഎം ന്റെ നേതൃത്വത്തിൽ പോലീസും സഹകരണ ജീവനക്കാരും ചേർന്ന് അരാജകത്വം തീർക്കുകയാണ്. നീതിപൂർവ്വം തെരഞ്ഞെടുപ്പ് നടത്താൻ കോടതി നിർദ്ദേശിക്കുമ്പോൾ കോൺഗ്രസുകാരെ മർദ്ദിക്കാനുള്ള വിധിയായിട്ടാണ് പോലീസ് കാണുന്നത്.
പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് നിജോ മെഴുവേലിയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ റെനോ പി രാജൻ, ജിജോ ചെറിയാൻ, ജില്ലാ ഭാരവാഹികളായ അൻസർ മുഹമ്മദ്, ബിബിൻ ബേബി, ആര്യ മുടവിനാൽ, ഷുംന ഷറഫ്, ഉണ്ണി കൃഷ്ണൻ, അർച്ചന, അഫ്സൽ വി ഷെയ്ഖ്, തഥാഗത് ബി കെ, ഇജാസ് ഖാൻ, മുഹമ്മദ് റാഫി, ആൽവിൻ ചെറിയാൻ, ജിജോ ജോൺ, ഏദൻ ആറന്മുള തുടങ്ങിയവർ പ്രസംഗിച്ചു.