ആങ്കോള : ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഐആർബിക്കെതിരെ അന്വേഷണം. ഷിരൂരിലൂടെ ദേശീയ പാത നിർമ്മിച്ച കരാർ കമ്പനിയാണ് ഐആർബി. അശാസ്ത്രീയമായ നിർമ്മാണത്തിനാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 175 – 3 പ്രകാരമാണ് റൂറൽ എസ്പിക്ക് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഐആർബിയുടെ മാനേജിങ് ഡയറക്ടർ വീരേന്ദ്ര ഡി മാഹായിഷ്കർ, മറ്റ് ഏഴ് ഡയറക്ടർമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് കോടതിക്ക് മുന്നിലെത്തിയത്. ഇത് പ്രകാരമാണ് അങ്കോള സിവിൽ കോടതിയുടെ ഉത്തരവ്. ജൂലൈ 16നാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. ഇതിലൂടെയുള്ള റോഡ് അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണം അപകടം നടന്നത് മുതൽ ഉയരുന്നുണ്ട്.
ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ നേവി പുഴയ്ക്കടിയില്‍ നിന്ന് ലോഹ ഭാഗം, പൽചക്രം, കയറിന്റെ ഭാഗം എന്നിവയും ഇന്നലെ ലോറികൾക്ക് ഉപയോഗിക്കുന്ന ജാക്കിയും കണ്ടെത്തിയിരുന്നു. അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൻ്റെ ഭാഗമായി ഡ്രെഡ്ജിംഗ് മെഷീൻ തിങ്കളാഴ്ചയോടെ എത്തിക്കും. ഗോവയിൽ നിന്നാണ് മെഷീൻ എത്തിക്കുക. 50 ലക്ഷം രൂപയാണ് മെഷീൻ എത്തിക്കാൻ ചെലവാകുക. ഗംഗാവലിയുടെ അടിത്തട്ട് മണ്ണും ചെളിയും വീണ് കട്ടിയായി കിടക്കുകയാണെന്നാണ് ഡൈവിങ്ങിനിറങ്ങിയ ഈശ്വര്‍ മല്‍പെ വ്യക്തമാക്കിയത്. ഒത്തിരി ഡൈവ് ചെയ്തു. മൂന്ന് സിലിണ്ടര്‍ കാലിയായി. പത്ത് ഡൈവില്‍ കൂടുതല്‍ നടത്തി. ജാക്കി കിട്ടിയ സ്ഥലത്ത് നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല. അടിവശം തെളിഞ്ഞ് കാണാം. മുപ്പത് അടി താഴ്ച്ചയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
മണ്ണ് കട്ടിയായിരിക്കുകയാണ്. നിന്നാല്‍ ആണ്ടുപോകില്ല. കിട്ടിയ അസ്ഥി കഷണം മൃഗത്തിന്റേതാണ്. മണ്ണും കല്ലും പ്രശ്‌നമാണെന്നും കോണ്‍ക്രീറ്റ് ഇല്ലെന്നും മാൽപെ പറഞ്ഞു. സംശയം തോന്നുന്ന സ്‌പോട്ട് ഇല്ല. കമ്പി കുത്തി നോക്കിയെങ്കിലും ഉള്ളിലേക്ക് പോകുന്നില്ല. അത്ര കട്ടിയാണ് അടിത്തട്ടെന്നും മല്‍പെ പ്രതികരിച്ചു.