ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് ഭാവിയിൽ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത ചികിത്സ ചിലവുകൾക്ക് തടയിടുവാനാണ്. തന്റെ വരുമാനത്തിന്റെ തോതനുസരിച്ചാണ് പലരും ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത്. ഒരിക്കൽ പോളിസി എടുത്തു കഴിഞ്ഞാൽ അപ്രതീക്ഷിതമായ പ്രീമിയം വർദ്ധനവ് പലരുടെയും ബഡ്ജറ്റിന്റെ താളം തെറ്റിക്കും. 10,000/ രൂപ വാർഷിക പ്രീമിയത്തിൽ എടുത്തിരിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ റിന്യൂവൽ തുക അപ്രതീക്ഷിതമായി അഞ്ചിരട്ടിയൊക്കെ വർദ്ധിപ്പിച്ച് 50,000 രൂപ ആക്കുന്നത് ചോദിക്കാനും പറയാനും ആരുമില്ലായെന്നുള്ളതുകൊണ്ടാണ്.
നിയമമനുസരിച്ച് IRDA അനുമതിയോടുകൂടി കമ്പനികൾക്ക് പ്രീമിയം വർദ്ധിപ്പിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ പ്രീമിയം വർധിപ്പിക്കുമെന്ന് ഇൻഷുറൻസ് എടുത്തിട്ടുള്ള വ്യക്തിയെ മുൻകൂട്ടി മൂന്നുമാസം മുമ്പ്തന്നെ അറിയിക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കുണ്ട്, അതാണ് നിയമം. അതല്ലാതെ പോളിസി പുതുക്കേണ്ട തീയതിയുടെ 10 ദിവസം മുമ്പ് പ്രീമിയം വർധിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നത് നിയമവിരുദ്ധമാണ്. ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർദ്ധിപ്പിക്കുവാൻ പോകുന്നുണ്ടെന്ന വിവരം കാലേക്കൂട്ടി ഉപഭോക്താക്കളെ അറിയിക്കില്ല. കാരണം വർദ്ധനവിനെക്കുറിച്ചുള്ള മുൻകൂർ അറിവ് ലഭിച്ചാൽ അവർ മറ്റു കമ്പനികളിലേക്ക് തങ്ങളുടെ ഇൻഷുറൻസ് പോർട്ട് ചെയ്യും. കമ്പനിയുടെ കസ്റ്റമേഴ്സ് നഷ്ടമാവും.
നിലവിലുള്ള ഇൻഷുറൻസ് കമ്പനിയുടെ പ്രീമിയം പുതുക്കുന്നതിന് 45 ദിവസം മുമ്പ് വേണമെങ്കിൽ പ്രീമിയം തുക കുറഞ്ഞ മറ്റു ഇൻഷുറൻസ് കമ്പനികളിലേക്ക് നിങ്ങളുടെ നിലവിലെ പോളിസി port ചെയ്യുവാൻ സാധിക്കും. ഇത്തരമൊരു സംവിധാനം ഉള്ളതുകൊണ്ട് പ്രീമിയം തുക കൂട്ടുന്നുവെന്ന വിവരം കമ്പനികൾ ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കില്ല. മുൻകൂർ വിവരം നൽകാതെ വലിയ തുകയ്ക്ക് പോളിസി പുതുക്കുവാൻ നിർബന്ധിതരാകുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി ഉപഭോക്ത കോടതിയെ സമീപിക്കാം. കാരണം ഇൻഷുറൻസ് കമ്പനി പിന്തുടർന്നത് തെറ്റായ വ്യാപാര തന്ത്രമാണ്.
മുതിർന്ന പൗരന്മാർ എടുത്തിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക 10 ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിക്കരുതെന്ന് ഇപ്പോൾ നിയമവുമുണ്ട്. >>> തയ്യാറാക്കിയത് – അഡ്വ.കെ.ബി. മോഹനന്‍, 98474 45075.





























