കോന്നി : കനത്ത മഴയിലും ഉരുൾപൊട്ടലിലും കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ.എ. ഉരുൾപൊട്ടൽ മൂലം നിരവധി വീടുകൾ തകരുകയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കല്ലാർ, കക്കാട്ടാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. 2018-ലെ പ്രളയത്തിൽ പോലും വെള്ളം കയറാത്ത വീടുകളിൽ ഇത്തവണ നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങൾ നേരിട്ട് സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് എം.എൽ.എ. പറഞ്ഞു.
നാട്ടുകാരും യുവാക്കളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. ഒറ്റപ്പെട്ട പല പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാൻ ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും രാഷ്ട്രീയ ഭേദമന്യേ എല്ലാവരും രക്ഷാപ്രവർത്തനത്തിൽ ഒന്നിച്ചുനിൽക്കണമെന്നും എം.എൽ.എ. അഭ്യർത്ഥിച്ചു.
അതേസമയം, ദുരന്തബാധിതർക്ക് മുൻകാലങ്ങളിലെന്നപോലെ അടിയന്തര സഹായമായി 10,000 രൂപ വീതം ഉടൻ അനുവദിക്കണമെന്നും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കും അടിയന്തരമായി ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ഓണം വിപണി ലക്ഷ്യമാക്കി തയ്യാറാക്കിയ ആയിരക്കണക്കിന് ഏക്കർ കൃഷി കോന്നിയുടെ വിവിധ ഭാഗങ്ങളിലായി നശിച്ചു കിടക്കുകയാണ്. പ്രാദേശിക ഉദ്യോഗസ്ഥർക്ക് മാത്രമായി ഇതിന്റെ കണക്കെടുപ്പ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പ്രളയബാധിതമല്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അടിയന്തരമായി കോന്നിയിൽ നിയോഗിക്കണമെന്നും മണ്ഡലത്തിലുടനീളം തകരാറിലായ വൈദ്യുതി ബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ കെഎസ്ഇബി തയ്യാറാകണം. ഇതിനായി മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള കെഎസ്ഇബി ജീവനക്കാരെ വിന്യസിക്കുകയും ഉദ്യോഗസ്ഥർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വേണമെന്നും എം.എൽ.എ. പറഞ്ഞു.





























