മംഗളൂരു: കോളാറിലെ വിസ്‌ട്രോണ്‍ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറിയില്‍ ശനിയാഴ്ചയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് അറസ്റ്റില്‍. കോളാര്‍ താലൂക് പ്രസിഡണ്ട് ശ്രീകാന്തിനെയാണ് വ്യാഴാഴ്ച കോളാര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയോടെ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ജീവനക്കാരെ പ്രതിഷേധിക്കാന്‍ നേരിട്ടും വാട്‌സ്‌ആപ് വഴിയും പ്രേരിപ്പിച്ചുവെന്നതാണ് എസ് എഫ് ഐ നേതാവിനെതിരെ കമ്പനി അധികൃതര്‍ നല്‍കിയ പരാതി. അമിത ജോലിയും കുറഞ്ഞ വേതനവും ഏര്‍പ്പാടിലൂടെ ജീവനക്കാരെ പ്രയാസപ്പെടുത്തുന്ന സ്ഥാപനത്തില്‍ മാസങ്ങളായി വേതനം മുടങ്ങിയ അവസ്ഥയോട് താന്‍ പ്രതികരിച്ചിട്ടുണ്ടെന്ന് പൊലീസിന്‍റെ ചോദ്യംചെയ്യലില്‍ ശ്രീകാന്ത് പറഞ്ഞു. ദുരിതമനുഭവിക്കുന്ന ജീവനക്കാര്‍ തന്നെ വന്നു കണ്ട് പ്രതിഷേധം സംഘടിപ്പിക്കാന്‍ സഹായം തേടിയെന്നും അതുകേട്ട് അടങ്ങിയിരിക്കാവുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലല്ല താനെന്നും ശ്രീകാന്ത് തുറന്നടിച്ചുവെന്നും പൊലീസ് വെളിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.
അക്രമം അരങ്ങേറിയ ദിവസം രാവിലെ 11ന് കോളാര്‍ കലക്ടര്‍ സത്യഭാമയുടെ ഓഫീസിന് മുന്നില്‍ ഐ ഫോണ്‍ ഫാക്ടറി പ്രശ്‌നം ഉയര്‍ത്തി സമരം സംഘടിപ്പിക്കാന്‍ എസ് എഫ് ഐ തീരുമാനിക്കുകയും ഇതില്‍ അണിചേരാന്‍ വാട്‌സ്‌ആപിലൂടെ ശ്രീകാന്ത് വ്യാപകമായി സന്ദേശം കൈമാറിയതായും പൊലീസ് പറഞ്ഞു. അതിന് മുമ്പായിരുന്നു അക്രമം. ശ്രീകാന്തും അനേകം അനുയായികളും ഫാക്ടറിയിലെ അക്രമത്തില്‍ പങ്കാളികളായതായി പൊലീസ് ആരോപിച്ചു.
അക്രമസംഭവവുമായി ബന്ധപ്പെട്ട് 7000 പേര്‍ക്കെതിരെയാണ് ഫാക്ടറി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. 132 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു .