റാന്നി : വനത്തില്‍ കടന്ന് മ്ലാവിനെ വേട്ടയാടി കൊന്ന കേസില്‍ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ അറസ്‌റ്റില്‍. സീതത്തോട് കക്കാട് ഇലക്‌ട്രിക് സെക്‌ഷനിലെ മസ്‌ദൂറായ വി.എസ്. സന്തോഷ് കുമാറാണ് അറസ്‌റ്റിലായത്. കൊച്ചുകോയിക്കല്‍ ഫോറസ്‌റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എസ്.ഇ.ബി. ഓഫീസിലെത്തി പ്രതിയെ കസ്‌റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ മാസം എട്ടിനാണ് കേസിന് ആസ്‌പദമായ സംഭവം. പതിനൊന്നോളം പ്രതികള്‍ ചേര്‍ന്ന സംഘം ഉള്‍പ്പെട്ടതാണ് കേസ്. വേലുത്തോട് മരുതി ഭാഗത്ത് കയറിയ വേട്ടസംഘം മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി കൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ നേരത്തെ മൂന്നു പേരെ വനപാലകര്‍ അറസ്‌റ്റ് ചെയ്‌തിരുന്നു. പുലിപ്പാറ തടത്തില്‍ ബിജു, സിനു പി. ചാക്കോ, സന്തോഷ് എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് മല്ലപ്പള്ളി ബിജു എന്നയാള്‍ കോടതിയിലും കഴിഞ്ഞ ദിവസം ആങ്ങമൂഴി സ്വദേശി രാജു കൊച്ചുകോയിക്കല്‍ ഡെപ്യൂട്ടി റേഞ്ചോഫീസറുടെ മുന്നിലും നേരിട്ട് കീഴടങ്ങുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കെ.എസ്.ഇ.ബി. ജീവനക്കാരന്‍ അറസ്‌റ്റിലായത്. കേസില്‍ ഇനി അഞ്ചു പേരെക്കൂടി പിടികിട്ടാനുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.