പത്തനംതിട്ട : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് അനധികൃതമായി നടത്തുന്ന ബിരിയാണി കച്ചവടത്തിന് പൂട്ടിടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ “ഓപ്പറേഷൻ ദം” ആരംഭിച്ചു.
വഴിയോരങ്ങളിൽ ഷെഡ് കെട്ടിയും വാഹനങ്ങളിലും നടക്കുന്ന ബിരിയാണിക്കച്ചവടത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി കർശന പരിശോധനക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലയിലും പരിശോധന ആരംഭിച്ചത്.
ദേശീയപാത അടക്കമുള്ള റോഡുകളിൽ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നടന്നുവരുന്നത്. വഴിയോരങ്ങളിൽ നിന്നു വാങ്ങിച്ച ഭക്ഷണ സാധനങ്ങൾ കഴിച്ച പലർക്കും ഛർദ്ദി, വയറുവേദന , വയറിളക്കം തുടങ്ങിയവ ഉണ്ടായതായാണ് പരാതി. വഴിയോരങ്ങളില്‍ വില്‍പ്പന നടത്തുന്ന ബിരിയാണി, കുടിവെള്ളം, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി റീജണൽ അനലിറ്റിക്കൽ ലാബിലേക്ക് അയക്കും. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.