തൃശ്ശൂര്‍ : തമിഴര്‍ക്ക് മാത്രമായി തൃശ്ശൂരിലെ പടിഞ്ഞാറേ കോട്ടയില്‍ നടത്തിവന്ന വ്യാജ ബാര്‍ ഹോട്ടല്‍ എക്സൈസ് കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു. തമിഴര്‍ക്ക് മാത്രമായി മദ്യവും ഭക്ഷണവും താമസവുമാണ് ഇവിടെയൊരുക്കിയിരുന്നത്. സെല്‍വം എന്ന് പേരുള്ള 40 കാരനായ തമിഴ്നാട് തിരുവണ്ണാമല പോലൂര്‍ മമ്പാട്ട് സ്വദേശിയാണ് പിടിയിലായത്.
തൃശ്ശൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സിയു ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റേഞ്ചിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍ ഹരിനന്ദനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പടിഞ്ഞാറേ കോട്ടയില്‍ സെല്‍വം വീട് വാടകക്ക് എടുത്തത് നാല് വര്‍ഷം മുന്‍പാണ്. ഇവിടെ തമിഴ്നാട്ടുകാരെ മാത്രമാണ് താമസിപ്പിച്ചിരുന്നത്.
മദ്യം കിട്ടാത്ത ദിവസങ്ങളില്‍ തമിഴര്‍ മദ്യപിച്ച് വരുന്നതും സ്ഥലത്ത് ബഹളമുണ്ടാക്കുന്നതും പലതവണ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ വീട്ടില്‍ ദിവസം 50 രൂപയ്ക്ക് തമിഴര്‍ക്ക് താമസം ഒരുക്കിയിരുന്നു. താമസിക്കാന്‍ വരുന്നവര്‍ കിടക്കാന്‍ ഉള്ള പായ, ബെഡ് ഷീറ്റ് എല്ലാം കൊണ്ടുവരണമെന്നായിരുന്നു നിബന്ധന. മടങ്ങി പോകുമ്പോള്‍ ഇത് തിരിച്ച് കൊണ്ടുപോകാം. ഒന്നുമില്ലാത്തവര്‍ പേപ്പര്‍ വിരിച്ച് കിടക്കും.
വെറും തറയിലാണ് എല്ലാവരും കിടക്കുന്നത്. ഒരു ദിവസം 30 പേരിലധികം ഈ വീട്ടില്‍ താമസിച്ചിരുന്നു. അവരില്‍ നിന്നെല്ലാം രാത്രി തങ്ങാന്‍ 50 രൂപ വെച്ച് വാങ്ങുകയും ചെയ്തിരുന്നു. ഭക്ഷണം വേണമെങ്കില്‍ അതിന് വേറെ പണം കൊടുക്കണം. ഇവര്‍ക്ക് ആവശ്യമുള്ള മദ്യം 180 മില്ലി ലിറ്ററിന് 200 രൂപ നിരക്കില്‍ പ്രതി വില്‍പ്പന നടത്തിയിരുന്നു.