കോഴിക്കോട്: അനധികൃത മത്സ്യ ബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ട് പിടികൂടി ഫിഷറീസ് മറൈന്‍ എൻഫോഴ്‌സ്‌മെന്റ്. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നാണ് അധികൃതർ ബോട്ട് കസ്റ്റഡിയിലെടുത്തത്. ഐ.എന്‍.ഡി.കെ.എല്‍ 07 എം.എം 5192 നമ്പറിലുള്ള പവിഴം എന്ന ബോട്ടാണ് അധികൃതർ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ ചെറുതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ അനേകം മത്സ്യങ്ങളുമായി ബോട്ട് ഹാർബറിൽ എത്തുകയായിരുന്നു. പിന്നാലെ ബോട്ട് അധികൃതർ കസ്റ്റഡിയിലെടുത്തു.
ട്രോളിംഗ് നിരോധനം അവസാനിച്ചത് മുതല്‍ ബേപ്പൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് അനധികൃത മത്സ്യബന്ധനം വ്യാപകമായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ടി ഫിഷറീസ് മറൈന്‍ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് പവിഴം ബോട്ട് കസ്റ്റഡിയിലെടുക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ ഇത്തരത്തില്‍ പിടികൂടിയ ടണ്‍കണക്കിന് മത്സ്യങ്ങള്‍ ലോറികളില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചതായുള്ള വിവരവുമുണ്ട്.
സംഭവത്തിൽ മൽസ്യത്തൊഴിലാളികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. പരിശോധന ആരംഭിച്ചപ്പോള്‍ തന്നെ അനധികൃതമായി പിടികൂടിയ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഒളിപ്പിച്ചതായി ചില ബോട്ടുകാര്‍ വെളിപ്പെടുത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് എസ്ഐ സി കെ രാജേഷ്, സിപിഒ ബിപിന്‍, ശ്രീരാജ്, റസ്‌ക്യൂ ഗാര്‍ഡ് രാജേഷ്, മുഹമ്മദ് ബിലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ ഉദ്യോഗസ്ഥരാണ് പവിഴം ബോട്ട് കസ്റ്റഡിയിലെടുത്തത്.































