കൊല്ലo : സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയതിന് കൊല്ലത്ത് യുവാവ് അറസ്റ്റിൽ. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പോലീസ് ആണ് സെയ്ദ് അലിയെ പിടികൂടിയത്. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശങ്ങൾ ഇയാൾ പങ്കുവെച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
ജില്ലാ പോലീസ് മേധാവി ടി നാരായണന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ സൈബർ പെട്രോളിങ്ങിനിടെയാണ് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇയാൾക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
മത സ്പർദ്ദ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാർകക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.