മലപ്പുറം : എ.ആര്‍ നഗര്‍ സഹകരണബാങ്കില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. ബാങ്കില്‍ നിന്നും ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവുമുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാങ്കിലെ നിക്ഷേപകരുടെ വിവരങ്ങളടക്കമുള്ള ഉത്തരവ് ആദായ നികുതി വകുപ്പ് പുറത്തിറക്കി. എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ 53 പേരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കി കണ്ടുകെട്ടുന്നുവെന്ന് ആദായനികുതി വകുപ്പ് ഉത്തരവിറക്കി. ഈ പട്ടികയിലെ ഒന്നാം പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും പ്രവാസി ബിസിനസുകാരനുമായ ഹാഷിഖ് പാണ്ടിക്കടവത്ത് ആണ്.
ഹാഷിഖിന്റെ നിക്ഷേപത്തില്‍ നിന്നും എത്ര തുകയാണ് കണ്ടുകെട്ടിയത് എന്ന കാര്യാഹത്തില്‍ ഉറപ്പില്ല. മൂന്നരക്കോടിയുടെ സ്ഥിരനിക്ഷേപവും അതിന്റെ പലിശയനിത്തില്‍ നിന്നായി ഒന്നരക്കോടിയുമായിരിക്കും ഹാഷിഖില്‍ നിന്നും ഈടാക്കിയതെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
എ.ആര്‍ നഗര്‍ ബാങ്കിനെതിരെയുള്ള നടപടി വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന ആരോപണം മുന്‍പും പുറത്തുവന്നിരുന്നു. വലിയ തിരിമറിയും അനധികൃതനിക്ഷേപവും കണ്ടെത്തിയ ബാങ്കില്‍ മകനുള്ള നിക്ഷേപത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കി. തുക മകന്റെ പേരിലുണ്ടായിരുന്ന എസ്ബിഐ അക്കൌണ്ടില്‍ നിന്ന് മാറ്റി നിക്ഷേപിച്ചതാണെന്നും കള്ളപ്പണമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആര്‍ നഗറിലെ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കില്‍ പ്രമുഖര്‍ക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.