തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരേ വിജിലൻസ് അന്വേഷണം. മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ടി.ഒ. മോഹനൻ ണ്ടഎം.എൽ.എ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ദിനേശ് സംഘം പണം നൽകിയത്. 100 കോടിരൂപ വായ്പ ലഭിക്കാൻ പണയവസ്തു രജിസ്ട്രേഷനുള്ള ചെലവായാണ് പണം നൽകിയതെന്നാണ് ദിനേശ് മാനേജ്മെന്റിന്റെ വിശദീകരണം. പണമിടപാട് കമ്പനിയുടെ ഉടമകളെന്ന് അവകാശപ്പെടുന്നവരുടെ വ്യക്തിഗത അക്കൗണ്ടിലേക്കും ലക്ഷങ്ങൾ നൽകിയിട്ടുണ്ട്.
ഈ കമ്പനി രജിസ്റ്റർചെയ്ത് ഒൻപതാമത്തെ ദിവസമാണ് ദിനേശ് പണം നൽകുന്നത്. ഇതെല്ലാം ‘സംശയകരമായ ഇടപാടായി’ വിലയിരുത്തിയാണ് അന്വേഷണം. വെങ്കിടേശ്വര കമ്പനി രജിസ്ട്രേഷൻ പൂർത്തിയാക്കിയത് 2026 ജനുവരി 20-നാണ്. ദിനേശ് 65 ലക്ഷം നൽകുന്നത് ജനുവരി 29-ന്. 30-ന് വീണ്ടും 25 ലക്ഷം. ഫെബ്രുവരി ഒൻപത്, 20, മാർച്ച് ആറ് തീയതികളിലായി 55 ലക്ഷം നൽകി. ആറാം തവണ അഞ്ചരലക്ഷം ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്. ആറുമാസം കഴിഞ്ഞിട്ടും വായ്പ ലഭിച്ചിട്ടുമില്ല.






























