കോന്നി : കോന്നി നഗരത്തിലെ അനധികൃത പാർക്കിങ് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. നഗരത്തിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വലിയ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. എന്നാൽ ഇതിനോടൊപ്പം വാഹനങ്ങൾ ആളുകൾ തോന്നിയ രീതിയിൽ പാർക്ക് ചെയ്യുന്നത് മറ്റ് വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുന്നതിന് തടസ്സമാകുന്നുണ്ട്.കോന്നിയിലെ ട്രാഫിക് സംവിധാനവും പാർക്കിങ്ങും കുറ്റമറ്റതാക്കാനും അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുവാനും അധികൃതർ പലതവണ തീരുമാനങ്ങൾ എടുത്തിരുന്നു എങ്കിലും ഇത് പ്രാവർത്തികമായിട്ടില്ല.
കോന്നി താലൂക്ക് വികസന സമിതിയിൽ അടക്കം ഈ വിഷയം നിരവധി തവണ ഉയർന്നു വന്നിരുന്നു എങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ അനധികൃതമായി റോഡിലേക്ക് സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഇത് എടുത്ത് മാറ്റുവാനും നടപടി സ്വീകരിക്കുവാനും കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും തീരുമാനം എടുത്തിരുന്നു എങ്കിലും ഇതും നടന്നില്ല.