കൊച്ചി : പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ ആണ് ആന്വേഷണം. മലപ്പുറം സ്വദേശി കെ വി ഷാജി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് അറിയിച്ചത്.
നികുതി വെട്ടിപ്പിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആദായ നികുതി വകുപ്പിന് പരാതി നൽകിയിട്ടും അൻവറിന്‍റെ സ്വാധീനം കാരണം അന്വേഷണം നടക്കുന്നില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. ആദായനികുതി വകുപ്പിന്‍റെ നിലപാട് രേഖപ്പെടുത്തിയ ഡിവിഷൻ ബഞ്ച് പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി. 2011 മുതൽ 2019 വരെയുള്ള കാലത്ത് പി വി അൻവറിന്‍റെ സ്വത്തിൽ കോടികളുടെ വർധനവ് ഉണ്ടായിട്ടും വരുമാന നഷ്ടം കാണിച്ച് നികുതി അടച്ചില്ലെന്ന് ഹർജിക്കാരന്‍ കോടതിയെ അറിയിച്ചു.