കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ അനധികൃത വിദേശമദ്യ കച്ചവടം വ്യാപകമായിട്ടും പോലീസും എക്സൈസ് വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. തണ്ണിത്തോട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഓട്ടോറിക്ഷകളിലാണ് മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നതെന്നാണ് വിവരം. ചിറ്റാര്‍ ബെവ്റേജ് ഔട്ട്‌ലെറ്റില്‍ നിന്നും എത്തിക്കുന്ന മദ്യം ആവശ്യക്കാരിലെത്തിക്കുകയാണ് കച്ചവടക്കാര്‍ ചെയ്യുന്നത്. പകല്‍ പോലും വാഹനങ്ങളില്‍ വില്പന നടത്തുന്ന സംഘങ്ങള്‍ പല പ്രദേശങ്ങളിലും സജീവമാണ്. എന്നിട്ടും ഇത്തരക്കാര്‍ക്കെതിരെ യാതൊരു നടപടികളും പോലീസും എക്സൈസ് വകുപ്പും സ്വീകരിക്കുന്നില്ലെന്നാണ് വ്യാപക പരാതി.
തണ്ണിത്തോട്ടിലെ ഒഴിഞ്ഞ പ്രദേശങ്ങളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് മദ്യ വില്പന വ്യാപകമാകുന്നത്. മണ്ണീറ, തേക്കുതോട്, കരിമാന്‍തോട്, പറക്കുളം തുടങ്ങി പലയിടങ്ങളിലും ഇത്തരത്തില്‍ മദ്യക്കച്ചവടം നടക്കുന്നതായും പരാതിയുണ്ട്. ഇത്തരം കച്ചവടക്കാര്‍ ദിവസവും 5000 രൂപയിലേറെ ലാഭമുണ്ടാക്കുന്നതായും പറയപ്പെടുന്നു. പലതവണ പോലീസും എക്സൈസ് അധികൃതരും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടും ഇവര്‍ വീണ്ടും അനധികൃത മദ്യ വില്പന പതിവാക്കുകയാണ്. സ്കൂളുകള്‍ക്ക് സമീപത്തായാണ് പലപ്പോഴും മദ്യം വില്‍ക്കുന്നത്. ഇത് കുട്ടികളുടെ സുരക്ഷയ്ക്കും ഭീഷണിയായി മാറുന്നുണ്ട്.




























