കോട്ടയം: കൊവിഡിനിടയില്‍ ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് എത്തി മൂന്നിലവിലെ ഇല്ലിക്കല്‍കല്ലില്‍ കട്ടിക്കയത്തില്‍ കുളിക്കാനിറങ്ങവേ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം മാന്നാനം വേലംകുളം നാലാങ്കല്‍ ഷാജിയുടെ മകന്‍ അനന്തുവിന്റെ (20) മൃതദേഹമാണ് മേലുകാവ് പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടം നടന്ന സ്ഥലത്തുനിന്ന് 150 അടിയോളം താഴെയാണ് മൃതദേഹം കിടന്നിരുന്നത്. കുമരകം എസ്.എന്‍ കോളേജ് ട്രാവല്‍ ആന്റ് ടൂറിസം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് അനന്തു. ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ കോളേജിലെ നാല് കൂട്ടുകാരുമൊപ്പമാണ് ഇന്നലെ വൈകുന്നേരം കാറില്‍ ഇല്ലിക്കല്‍കല്ലില്‍ എത്തിയത്. അഞ്ചുമണിയോടെയാണ് ഇവര്‍ കുളിക്കാനായി പുഴയില്‍ ഇറങ്ങിയത്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയെതുടര്‍ന്ന് പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു.
പുഴയില്‍ ഇറങ്ങിയ അനന്തു കയത്തില്‍ അകപ്പെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളിയെതുടര്‍ന്ന് നാട്ടുകാര്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മേലുകാവ് പോലീസും ഫയര്‍ഫോഴ്സും എത്തി രാത്രി ഏഴുവരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം നിരാശാജനകമായിരുന്നു. കഴിഞ്ഞവര്‍ഷവും കോട്ടയം സ്വദേശിയായ യുവാവ് ഇവിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചിരുന്നു. ലതയാണ് (ഷീല) അനന്തുവിന്റെ അമ്മ.