റാന്നി : ലോക ബഹിരാകാശ വാരാചരണത്തിന്റെ പ്രചാരണാർത്ഥം ബഹിരാകാശത്തേക്ക് സാങ്കല്പിക യാത്ര നടത്തി പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ ശ്രദ്ധേയമായി. ശാസ്ത്രരംഗം റാന്നി ഉപജില്ലാ കോർഡിനേറ്ററും പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപികയുമായ എഫ്.അജിനിയും ഏഴാംക്ലാസ് വിദ്യാർത്ഥി അനുപമയും തയാറാക്കിയ വീഡിയോ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു.
ലോക ബഹിരാകാശ വാരാചരണത്തിന്റെ ഈ വർഷത്തെ തീം വനിതകൾ ബഹിരാകാശത്ത് എന്നതായതിനാൽ പെൺകുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ. ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. എഡിറ്റിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക സഹായം നൽകിയത് അജിനി ടീച്ചറിന്റെ മക്കളായ കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥികളായ അൻസിൽ സലാമും അൻസിഫ് സലാമുമാണ്.
സ്പേസ് ഷട്ടിലിൽ പറന്നുനടക്കുന്ന റൊട്ടിക്കഷണങ്ങൾ പിടിച്ചെടുത്തു കഴിക്കുന്ന അനുപമയുടെ വീഡിയോ കുട്ടികളെ ഏറെ ആകർഷിച്ചിരുന്നു. ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ ആകർഷിക്കാനുള്ള ലഘുവിവരണം ടീച്ചർ വീഡിയോയിൽ നൽകുന്നു. ഇതിന്‍റെ ഭാഗമായി ബഹിരാകാശ വനിതാ സഞ്ചാരികളുടെ പ്രൊഫൈൽ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. ഒക്ടോബർ 5 വൈകിട്ട് ആറുമണിക്ക് വിക്രം സാരാഭായി സ്പേസ് സെന്ററിലെ സയന്റിസ്റ്റ് എൻജിനീയർ അപർണ എസ് രഘുനാഥ് ഗൂഗിൾ പ്ലാറ്റ്ഫോമിൽ കുട്ടികളുമായി സംവദിക്കുമെന്ന് പഴവങ്ങാടി ഗവ.യു.പി സ്കൂള്‍ പ്രഥമാധ്യാപകൻ രാജ് മോഹൻ തമ്പി അറിയിച്ചു.