തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന പെരുമഴയില്‍ കനത്ത നാശനഷ്ടം. തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും അതിശക്തമായ മഴ ലഭിച്ചു. കൊല്ലം ജില്ലയില്‍ മാത്രം നാല് ദിവസത്തിനിടെ 45 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, മഴ മൂന്ന് ദിവസം കൂടി തുടരുമെന്നും നാളെ മുതല്‍ തീവ്രത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.മധ്യകേരളത്തിലും ശക്തമായ മഴക്കെടുതി തുടരുകയാണ്. എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്.
കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ്, ഇല്ലിക്കല്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ജില്ലയില്‍ ഇടുക്കി ഉടുമ്പന്‍ചോല, ശാന്തന്‍പാറ, തൊടുപുഴ എന്നിവിടങ്ങളില്‍ മരം വീണ് വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡാമുകള്‍ തുറന്നിട്ടുള്ളതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മഴയ്ക്കൊപ്പം കാറ്റും ശക്തമാണ്. മലബാറില്‍ മാത്രം 23 വീടുകള്‍ തകര്‍ന്നു. പെരിന്തല്‍മണ്ണയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.
പൊന്നാനിയില്‍ ദുരിതബാധിത സ്ഥലത്തെത്തിയ സബ് കലക്ടറെയും ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു. കടല്‍ഭിത്തി കെട്ടാത്തതിലായിരുന്നു ജനങ്ങളുടെ പ്രതിഷേധം. കാസര്‍കോട് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ പഴശി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടുണ്ട്.അതേസമയം, മഴയില്‍ വലിയ ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ജാഗ്രത തുടരണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ദുരിതാശ്വാസത്തിന് മേല്‍നോട്ടം വഹിക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദേശിച്ചു.