വെള്ളറട : സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കന്യാകുമാരി ജില്ലയിലെ മാങ്കോട് മഹാദേവക്ഷേത്രത്തിനുസമീപം ആര്‍.എസ് ഭവനില്‍ അനുവാണ് (32) പനച്ചമൂടുള്ള സ്ഥാപനത്തില്‍ 30 പവന്‍ പണയംവച്ച് എട്ടര ലക്ഷം രൂപ കൈക്കലാക്കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരികെ പണയമെടുക്കാന്‍ വരാത്തതിനെ തുടര്‍ന്ന് സ്ഥാപന അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. വെള്ളറട പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് വഞ്ചിയൂര്‍ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ നടത്തിയ തട്ടിപ്പുകള്‍ പുറത്തായത്.
റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ വെള്ളറട പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. ആദ്യം നല്ല സ്വര്‍ണം കൊണ്ടുവന്ന് പണയംവച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയശേഷമാണ് ഇയാള്‍ കബളിപ്പിക്കല്‍ നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇയാളുടെ അച്ഛന് രഘുകൃഷ്ണപിള്ള, സഹോദരി എന്നിവര്‍ക്കെതിരെയും കേസുണ്ട്. മംഗലപുരം, ശ്രീകാര്യം സ്റ്റേഷനുകളിലും അനുവിനെതിരെ കേസുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.