മലപ്പുറം : കൊണ്ടോട്ടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തെ മുക്കുപണ്ടം െവച്ച് കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.
പടിഞ്ഞാറ്റുംമുറി പടിഞ്ഞാറെക്കുണ്ട് സ്വദേശി വല്ല്യാപ്പ മുനീര്‍ എന്ന പടിക്കല്‍ മുനീര്‍ (40), പടിഞ്ഞാറ്റുംമുറി പടിഞ്ഞാറേകുണ്ട് പുത്തന്‍വീട്ടില്‍ കുട്ടന് എന്ന അനൂപ് (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി വളപ്പില്‍ യൂസഫ് (35) എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ പ്രതികള്‍, ടൗണിലെ ഒരുബാങ്കില്‍ സ്വര്‍ണമാല പണയം വെച്ചിട്ടുണ്ടെന്നും അതെടുത്ത് വില്ക്കാന് സഹായിക്കണമെന്നും പറഞ്ഞ് സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരെയും കൂട്ടി ബാങ്കിലെത്തിയ പ്രതികള്‍ അവരെ പുറത്തുനിര്‍ത്തി പണം വാങ്ങി ബാങ്കില്‍ പോയി. തിരികെയെത്തി മുക്കുപണ്ടം നല്കി. ബാക്കി പണം ഓഫീസില്‍നിന്ന് നല്കിയാല് മതിയെന്നറിയിച്ച് പണവുമായി മുങ്ങി. ഇവര്‍ പിന്നീട് ബാക്കി തുകക്ക് വരാതിരുന്നതിനെ തുടര്‍ന്നാണ് മുക്കുപണ്ടമാണെന്നാണ് മനസ്സിലായത്. തുടര്‍ന്ന് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുനീറിന്റെ പേരില്‍ മുക്കുപണ്ടത്തട്ടിപ്പിന് മലപ്പുറം, മഞ്ചേരി, പൊന്നാനി, ചാവക്കാട്, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ട്. അനൂപിനും യൂസഫിനുമെതിരെ മലപ്പുറത്തും ചാവക്കാട്ടും കേസുകളുണ്ട്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ജില്ല പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസെന്റ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്. മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, മോഹന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.