തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ 71 ശതമാനം പ്രതികളും കുട്ടികളുടെ പരിചിതരാണെന്ന് കണക്ക്. അതിക്രമത്തിന് ഇരയായ 2,666 കുട്ടികൾ 15നും 18നും ഇടയിൽപ്പെട്ടവരാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാരം അതിജീവിതരുടെ വീട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങൾ, അധ്യാപകർ, അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്നാണ് ഭൂരിഭാഗം കുട്ടികളും അതിക്രമം നേരിടുന്നത്. സ്കൂളിലും ആശുപത്രികളിലും ശിശു സംരക്ഷണ കേന്ദ്രങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും കുട്ടികൾ അതിക്രമത്തിന് ഇരയായി. 2024-ൽ 4607 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2025-ൽ 4765 ആയി ഉയർന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (399 കേസുകൾ). പ്രതികളിൽ ഭൂരിഭാഗവും 19-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്.
ഇതിൽ 4771 പുരുഷന്മാരും 168 സ്ത്രീകളുമുണ്ട്. അതിക്രമത്തിന് ഇരയായ 2666 കുട്ടികൾ 15-നും 18-നും ഇടയിൽ പ്രായമുള്ളവരാണ്. അതിജീവിതരിൽ 4167 പേർ പെൺകുട്ടികളും 618 പേർ ആൺകുട്ടികളുമാണ്. ഇവരിൽ 154 ഭിന്നശേഷി കുട്ടികളുമുണ്ട്. സ്കൂളുകളിലടക്കമുള്ള ബോധവത്കരണമാണ് റിപ്പോർട്ട് ചെയ്യുന്ന അതിക്രമങ്ങളുടെ എണ്ണത്തിലെ വർധനക്ക് കാരണം. കേസുകൾ കൂടുന്നത് കുട്ടികൾ പ്രതികരിച്ചു തുടങ്ങുന്നതിന്‍റെ തെളിവാണ്. എങ്കിലും വേട്ടക്കാർ സ്വന്തം വീട്ടിൽ തന്നെയുണ്ടെന്ന സത്യം ഭയപ്പെടുത്തുന്ന ഒന്നാണ്.































