കാൻബറ: റോഡിലൂടെ ഓടുന്ന വാഹനങ്ങളിലും ട്രെയിനിലും യാത്രക്കാർ അടിപിടികൂടുന്നതും യാത്ര മുടങ്ങുന്നതും പുതുമയുള്ളതല്ല. എന്നാൽ നിസാര കാര്യത്തിന് യാത്രക്കാർ ആകാശത്ത് വെച്ച് അടിപിടികൂടിയതോടെ വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയിൽ. മാത്രമല്ല രണ്ടു സ്ത്രീകളടക്കം നലു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ക്യൂൻസ് ലാൻഡിൽ നിന്ന് പുറപ്പെട്ട വിമാനമാണ് യാത്രക്കാരുടെ വഴക്കിനെത്തുടർന്ന് അടിയന്തമായി ഇറക്കിയത്. ഈ മാസം 20ന് ക്യൂൻസ് ലാൻഡിലെ കെയ്‌ൻസിൽ നിന്ന് ഗ്രൂട്ട് എയ്‌ലാൻഡിലേക്കു പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. രണ്ടു തവണയാണ് സംഘം അടിപിടി കൂടിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. ഒരു കൂട്ടം യാത്രക്കാർ ഇടനാഴിക്ക് സമീപം നിൽക്കുന്നതും അവരിൽ ഒരാൾ മറ്റൊരു യാത്രക്കാരനെ ഒരു കുപ്പികൊണ്ട് അടിക്കാൻ തയാറായി നിൽക്കുന്നതും കാണാം. യാത്രക്കാർ ഭയകചിതരായോടെ പൈലറ്റ് വിമാനം ക്യൂൻസ് ലാന്‍ഡിൽ തന്നെ അടിന്തരമായി തിരിച്ചിറക്കി.തുടർന്ന് ഒരു യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഒഴിവാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പ്രശ്നം അവിടെവെച്ച് തീർന്നില്ല. വിമാനം വീണ്ടും പറന്നുയർന്നപ്പോൾ ഇതേ സംഘം വീണ്ടും തർക്കത്തിലേർപ്പെടുകയും വാക്കേറ്റത്തിൽ വിമാത്തിന്‍റെ ജനൽ തല്ലിത്തകർക്കുകയും ചെയ്തു. ഗ്രൂട്ട് എയ്‌ലാൻഡിലെ അലിയാൻഗുലയിൽ വിമാനം ഇറങ്ങിയപ്പോൾ, മൂന്ന് യാത്രക്കാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ ഒരു യുവതിയും ഉൾപ്പെടും.