റാന്നി : സ്വകാര്യ വാഹനങ്ങൾ സ്റ്റാൻ്റ് കയ്യടക്കിയതോടെ ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ല. സ്റ്റാന്റിലേക്ക് ബസ്സുകൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. സ്റ്റാൻ്റിൽ സ്ഥലമില്ലാത്തതിനാൽ റോഡിലിട്ട് ബസ്സുകൾ തിരിക്കേണ്ടതായും വരുന്നു. ഇത് ടൗണിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. സംസ്ഥാന പാതയുടെ നിർമാണത്തിനു ശേഷം റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങ് നടക്കുന്നതിനാൽ ബസുകൾ സ്റ്റാൻ്റിന് പുറത്ത് നിർത്തുന്നത് കാരണം ടൗണിൽ ഗതാഗത തടസ്സം പതിവാണ്. ഇതിന് പുറമേയാണ് അനധിക്യത പാർക്കിങ് മൂലം ഉണ്ടാകുന്ന കുരുക്കും. റാന്നി താലൂക്കാശുപത്രിയിലേക്കുള്ള വഴി അടച്ച് വാഹനങ്ങൾ ചില സമയങ്ങളിൽ പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്. വലിയതുക മുടക്കി പഞ്ചായത്തിൽ നിന്നും ലേലം ചെയ്ത മുറികളിൽ മെഡിക്കൽ ഷോപ്പ് അടക്കം സ്ഥാപനങ്ങളാണുള്ളത്.
വാഹനങ്ങൾ കടയുടെ മുമ്പിൽ പാർക്ക് ചെയ്യുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ കയറാതെ തിരിച്ചു പോകുന്നതായും വ്യാപാരികൾ പറയുന്നു. പെരുമ്പുഴ സ്റ്റാൻ്റിനു സമീപം പഞ്ചായത്ത് വക പാർക്കിങ് സ്ഥലം ഉണ്ടായിട്ടും ഈ സൗകര്യം ഉപയോഗിക്കാതെയാണ് വാഹന ഉടമകൾ ബസ്സ്റ്റാൻ്റിൽ പാർക്ക് ചെയ്യുന്നത്. ജില്ലയുടെ പല ഭാഗത്തു നിന്ന് കൺസ്ട്രക്ഷൻ ജോലികൾക്കായി വിവിധ ക്രഷർ യുണിറ്റുകളിൽ നിന്ന് പാറ ഉല്‌പന്നങ്ങളുമായി എത്തുന്ന വാഹനങ്ങളും ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. റാന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താൻ പഞ്ചായത്തും പോലീസും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതോടോപ്പം സ്റ്റാന്റിലെ അനധികൃത പാർക്കിങ് തടയാൻ പോലീസും പഞ്ചായത്ത് അധികാരികളും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നതിന് പിന്നാലെയാണ് സ്റ്റാൻ്റ് നിരീക്ഷിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റും മെമ്പറും എത്തിയത്.