റാന്നി: യുവാവിനെ കാര്‍ കയറ്റി കൊലപെടുത്തിയ സംഭവത്തില്‍ പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. പ്രതികളായ അക്സം ആലിം (25), അരവിന്ദ് (30), അജോ എം. വര്‍ഗീസ് (30), ഹരിശ്രീ വിജയന്‍(28) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. വാഹനം ഉപയോഗിച്ച് ഇടിപ്പിച്ച മന്ദമരുതി ആശുപത്രി ജംങ്ഷന് സമീപവും സംഘട്ടനവും തര്‍ക്കവും നടന്ന ഇട്ടിയപ്പാറയിലെ ബിവറേജസിന് സമീപവുമാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റാന്നി എസ്.എച്ച്.ഒ ജിബു ജോണിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ കൃത്യം നടത്തിയത് വിശദമായി പോലീസിന് വിവരിച്ചു കൊടുത്തു. സംഭവ സ്ഥലത്ത് പ്രതികളെ കാണാന്‍ നാട്ടുകാരും തടിച്ചു കൂടിയിരുന്നു.
പ്രതികളിലെ അരവിന്ദിന്‍റെയും ഹരിശ്രീയുടേയും ബന്ധുവിന്‍റെ വെച്ചൂച്ചിറ കുന്നത്തുള്ള വീട്ടില്‍ നിന്നുമാണ് കാര്‍ കണ്ടെത്തിയത്. ഇടിയില്‍ തകര്‍ന്ന കാര്‍ ബന്ധുവീട്ടില്‍ ഒളിപ്പിച്ച ശേഷം മറ്റൊരു വാഹനത്തിലായിരുന്നു പ്രതികള്‍ ഒളിവില്‍ പോയത്. ഈ കാറും വാഹനം കണ്ടെടുത്ത സ്ഥലവും ഫോറന്‍സിക് വിഭാഗം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. മനപ്പൂര്‍വ്വം കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി തന്നെ കാര്‍ ഇടിപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്നു തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.