അമേരിക്ക: അമേരിക്കയിലെ യൂട്ടാ മേഖലയിലുള്ള ഗ്രേറ്റ് സാൾട്ട് ലേക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്ന് ഗവേഷകരുടെ പ്രവചനം. 16 മീറ്റർ മാത്രം ശരാശരി താഴ്ചയുള്ള ഈ തടാകത്തിലേക്ക് വർഷത്തിൽ ഏതാണ്ട് പന്ത്രണ്ട് ലക്ഷം ലിറ്റർ വെള്ളം ഒഴുകിയെത്തിയാലെ ഈ അപ്രത്യക്ഷമാകൽ തടയാനാകൂ എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ നിലവിൽ ഒരു ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഈ തടാകത്തിൽ ഒഴുകിയെത്തുന്നത്.
ബ്രിഗാം യങ് സർവകലാശലയിലെ ഗവേഷകരമാണ് തങ്ങളുടെ പഠന റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തടാകത്തിനെ സജീവമായി നിലനിർത്താൻ മേഖലയിലെ ജലത്തിന്റെ ഉപയോഗത്തിൽ കുറവ് വരുത്തണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലവിനിയോഗം പകുതിയായി തന്നെ കുറച്ചാലെ തടാകത്തെ നിലനിർത്താനാകൂ. ഇതിനോടനുബന്ധിച്ച് നിരവധി നിയമ നിർമാണങ്ങളും, സാമൂഹിക അവബോധ നടപടികളും യൂട്ടാ മേഖലയിൽ നടന്നിരുന്നു. എങ്കിലും അവയൊന്നും ഇതുവരെയും വേണ്ടത്ര രീതിയിൽ വിജയിച്ചിട്ടില്ല.
ഈ തടാകം വറ്റുന്നത് പ്രദേശത്ത് പാരിസ്ഥിതികമായും ആരോഗ്യകരമായും സാമ്പത്തികമായുമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണു വിലയിരുത്തപ്പെടുന്നത്. തടാകത്തിന്റെ അപ്രത്യക്ഷമാകൽ വലിയ തോതിലുള്ള വായു-ജല മലിനീകരണം സൃഷ്ടിക്കും. വംശനാശ ഭീഷണിയുള്ളള പല ജീവികളുടെയും വംശനാശത്തിനും മേഖലയിലെ കൃഷി, വ്യവസായം തുടങ്ങിയവയുടെ തകർച്ചയ്ക്കും, മേഖലയുടെ ജീവിത നിലവാരം തന്നെ മോശമാകുന്നതിനും കാരണമാകും.