കാലടി : ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ പറഞ്ഞു. സർവ്വകലാശാലയിലെ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ വ്യാപനം ഒരു സാമൂഹ്യ വിപത്താണ്. യുവതലമുറയെ ഈ വിപത്തിൽ നിന്നും രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്വം നാമോരോരുത്തരിലും നിക്ഷിപ്തമാണ് ഡോ. നാരായണൻ പറഞ്ഞു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്റെ മയക്കുമരുന്ന് വിരുദ്ധ സന്ദേശത്തോടെ ആരംഭിച്ചു.
പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. കെ. വി. അജിത്കുമാർ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, സർവ്വകലാശാല യൂണിയൻ ചെയർമാൻ മുഹമ്മദ് കാസ്ട്രോ, എൻ. സി. സി. ഓഫീസർ ലഫ്റ്റനന്റ് ഡോ. ലിഷ സി.ആർ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെൻസി എം. ഡോ. ജിനിത കെ. എസ്. എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്യാമ്പസിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി.