റാന്നി : സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷ്വല്‍ കെയര്‍ സെന്ററുകളുടെ റാന്നി ബ്ലോക്ക് തല ഉദ്ഘാടനം ബിആർസിയിൽ വെച്ച് നടത്തി. റാന്നി ബ്ലോക്ക് പരിധിയിലെ റാന്നി അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട് എന്നീ ആറ് പഞ്ചായത്തുകളിൽ സ്പെഷ്യൽ കെയർ സെന്ററുകൾ തുടങ്ങും. കുട്ടികൾക്ക് അക്കാദമിക പിന്തുണ കൂടാതെ അധിക പഠന പിന്തുണയും മാനസികോല്ലാസവും ഒരുക്കുന്നതിനാണ് കേന്ദ്രം. ഭിന്നശേഷി കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങൾ വിവിധ തെറാപ്പികൾക്കുള്ള വിദഗ്ധ സേവനം എന്നിവ സെന്ററുകളിൽ ലഭ്യമാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം നിർവഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബെന്നി പുത്തൻപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പഴവങ്ങാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമാ മാത്യു, ഐ ഇ ഡി സി ചുമതലയുള്ള സി ആർ സി കോഡിനേറ്റർ ബീനാമ്മ തോമസ്, ബി പി സി ഷാജി എ.സലാം, സ്പെഷ്യൽ എഡ്യൂക്കേറ്റർ നിമിഷ അലക്സ്, ഓട്ടിസം സെന്റർ ചുമതലയുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർ മേരിക്കുട്ടി എബ്രഹാം, പഴങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപികമാരായ ഷിബി സൈമൺ,മിനി പി.സദാശിവൻ എന്നിവർ പ്രസംഗിച്ചു.