റാന്നി : ലൈഫ് പദ്ധതി അട്ടിമറിക്കുന്ന വെച്ചൂച്ചിറ പഞ്ചായത്തിന്റെ നടപടിക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്തിൽ ലൈഫ് പദ്ധതിക്കായി അപേക്ഷ നൽകിയവരുടെ നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചില്ല. പതിനഞ്ച് വാർഡുകളിൽ നിന്നായി 800 പേർ അപേക്ഷകളാണ് നൽകിയിട്ടുള്ളത്. ഇതിൽ ആറ് വാർഡിലെ മാത്രമാണ് നോട്ടിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. ബാക്കി 9 വാർഡുകളിലെ പൂർത്തിയാക്കാനുണ്ട്. ഈമാസം 20 വരെയായിരുന്നു നോട്ടിഫിക്കേഷൻ പൂർത്തിയാക്കാൻ ഉണ്ടായിരുന്ന കാലാവധി.
പുതിയ സർക്കാർ ഉത്തരവ് പ്രകാരം ഇത് 31 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ അന്വേഷണം പൂർത്തീകരിക്കുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ 400ലധികം അപേക്ഷകർ ലിസ്റ്റിൽ നിന്നും പുറത്താകും. പിന്നീട് ഇവർക്ക് അപേക്ഷിക്കാനുള്ള അവസരവും ഇല്ലാതാകുന്നതോടെ ഇവർക്ക് വീട് എന്ന സ്വപ്നം പഴങ്കഥയായി മാറുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സിപിഐ(എം) റാന്നി ഏരിയ സെക്രട്ടറി പി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി സജിമോൻ കടയനിക്കാട് അധ്യക്ഷത വഹിച്ചു. ആർ വരദരാജൻ,എന്‍.ജി പ്രസന്നന്‍, അമൽ എബ്രഹാം, ടി കെ ബാബു മോളിക്കൻ, ജോജി ജോർജ്, ടോമി പാറക്കുളങ്ങര, ജോസ് പാത്രമാങ്കൽ, പൊന്നി അമ്പലത്തിങ്കൽ, സജി കൊട്ടാരം, കെ വി അജയൻ എന്നിവർ പ്രസംഗിച്ചു.