റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ 3 പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കൊറ്റനാട്, വടശ്ശേരിക്കര, നാറാണംമൂഴി എന്നിവിടങ്ങളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജല്‍ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ നടപ്പാക്കുന്നതോടെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനാകും. ഈ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. കേരള വാട്ടര്‍ അതോറിറ്റിയും അടൂര്‍ പ്രൊജക്റ്റ് ഡിവിഷനുമാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. നാറാണംമൂഴി പഞ്ചായത്തില്‍ ജലവിതരണത്തിനായി ആകെ ചിലവഴിക്കുന്ന തുക 24.5 കോടി രൂപയാണ്. 2898 കുടുംബങ്ങള്‍ക്കാണ് ഇതു വഴി പുതിയ കണക്ഷന്‍ ലഭിക്കുക. പെരുനാട് – അത്തിക്കയം പദ്ധതി, അടിച്ചിപ്പുഴ പദ്ധതി, പെരുന്തേനരുവി പദ്ധതി എന്നിവ വഴിയാണ് ജലവിതരണം സാധ്യമാക്കുക.
വടശ്ശേരിക്കര പഞ്ചായത്തില്‍ ആകെ 60.5 കോടി രൂപയാണ് ചിലവഴിക്കുക. 3925 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മണിയാര്‍ ഡാമില്‍ നിന്നും വെള്ളമെടുത്തുള്ള പുതിയ പദ്ധതി, ചമ്പോണ്‍ പദ്ധതി, റാന്നി മേജര്‍ കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ പദ്ധതി എന്നിവിടങ്ങളില്‍ നിന്നാണ് ജലലഭ്യത ഉറപ്പാക്കുക. നിലവില്‍ കുടിവെള്ള പദ്ധതികള്‍ ഒന്നുമില്ലാത്ത കൊറ്റനാട് പുതിയ പദ്ധതിയായ അങ്ങാടി – കൊറ്റനാട് കുടിവെള്ള പദ്ധതി വഴിയാണ് ജല ലഭ്യത ഉറപ്പാക്കുക. ഒന്നാംഘട്ടമായി 50.50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 4706 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൊറ്റനാട് പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10 ന് കൊറ്റനാട് ട്രിനിറ്റി മാര്‍ത്തോമ ഹാളിലും വടശ്ശേരിക്കരയിലേത് രാവിലെ 11ന് ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപവും നാറാണംമുഴിയിലേത് പകല്‍ 12ന് അത്തിക്കയത്തും നടക്കും.